സ്റ്റോര്‍ റൂമില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ പകുതിയോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് സുപ്രീംകോടതി. സുതാര്യത ഉറപ്പാക്കുന്നതിനായാണ് സുപ്രീംകോടതിയുടെ അസാധാരണ നടപടി. ജസ്റ്റിസ് വര്‍മയുടെ പ്രതികരണം അടക്കമുള്ള റിപ്പോര്‍ട്ടാണ് വെബ്‌സൈറ്റിലുള്ളത്.
പണം കണ്ടെത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ വാദം. ഒരാഴ്ച മുമ്പ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. കത്തിയമര്‍ന്ന നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വീഡിയോ കണ്ട് ഞെട്ടിയെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വാദം.
പണം കണ്ടെത്തുന്ന സമയത്ത് താന്‍ ഭോപ്പാലിലായിരുന്നുവെന്നും മകളാണ് വിവരം പറഞ്ഞതെന്നുമാണ് വര്‍മയുടെ മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളുമാണ് സുപ്രിംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സ്റ്റോര്‍ റൂമില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ പകുതിയോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് 16 ന് വിവരം അറിഞ്ഞ ശേഷം യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതി ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ വീട്ടില്‍ പണം സൂക്ഷിച്ചിരുന്നതായി അറിവുണ്ടായിരുന്നില്ലെന്നും, സുരക്ഷ ഉദ്യോഗസ്ഥരടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നുമായിരുന്നു ജഡ്ജിയുടെ വിശദീകരണം. ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍, താന്‍ നിരപരാധിയാണെന്നും, പണം കണ്ടെത്തിയതില്‍ തനിക്കെതിരെ ഗൂഢാലോചനയെന്നുമായിരുന്നു യശ്വന്ത് വര്‍മയുടെ പ്രതികരണമെന്നും ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ സുപ്രിംകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും ഡെല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി, മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താനും കൊളീജിയം നിര്‍ദേശിച്ചു.
മാര്‍ച്ച് 14 ന് രാത്രി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. അതേസമയം, ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെത്തിയില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ഡല്‍ഹി അഗ്‌നിശമനസേനാ മേധാവി അതുല്‍ ഗാര്‍ഗ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശനിയാഴ്ച നിലപാടു മാറ്റിയിരുന്നു.