ചിറ്റൂർ മേനോൻപാറയിലെ പദ്ധതിയ്ക്കാണ് 25കോടി 37 ലക്ഷം രൂപ അനുവദിച്ചത്. മലബാർ ഡിസ്റ്റിലറിയ്ക്ക് അനുമതി വൈകുന്നത് വിവാദമായതിന് പിന്നാലെയാണ് നടപടി.
മദ്യനിർമാണ കമ്പനിയായ മലബാർ ഡിസ്റ്റിലറിക്ക് സാങ്കേതിക അനുമതി നല്‍കി. ചിറ്റൂർ മേനോൻപാറയിലെ പദ്ധതിയ്ക്കാണ് 25കോടി 37 ലക്ഷം രൂപ അനുവദിച്ചത്. മലബാർ ഡിസ്റ്റിലറിയ്ക്ക് അനുമതി വൈകുന്നത് വിവാദമായതിന് പിന്നാലെയാണ് നടപടി.
ശനിയാഴ്ചയാണ് പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ അഡ്മിനിസ്ട്രേറ്റീവ് അനുമതി ലഭിച്ചിരുന്നെങ്കിലും പിന്നീടുള്ള അനുമതി വൈകുകയായിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. പ്രതിദിനം 13,500 കേസ് മദ്യം ഉത്പാദിപ്പിക്കാനുള്ള ശേഷി പുതിയ പ്ലാൻ്റിനുണ്ടാകും.
പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യ നിർമാണ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ, വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച മലബാർ ഡിസ്റ്റിലറിയോട് അവഗണന തുടരുകയാണെന്ന ആരോപണമായിരുന്നു കോൺഗ്രസ് നേരത്തെ ഉയർത്തിയിരുന്നത്. മലബാർ ഡിസ്റ്റിലറിക്ക് വെള്ളം നൽകാൻ കഴിയാത്ത വാട്ടർ അതോറിറ്റി എങ്ങനെയാണ് എലപ്പുള്ളിയിലെ കമ്പനിക്ക് വെളളം എത്തിക്കുകയെന്നും സ്ഥലം സന്ദർശിച്ച വി. കെ. ശ്രീകണ്ഠൻ എംപി ചോദിച്ചിരുന്നു.
ചിറ്റൂർ ഷുഗർഫാക്ടറി അടച്ചുപൂട്ടിയതോടെ, മലബാർ ഡിസ്റ്റിലറീസ് എന്ന പേരിൽ കമ്പനി രൂപീകരിച്ച് വർഷങ്ങളായിട്ടും പദ്ധതി തുടങ്ങിയിട്ടില്ലെന്ന വിമർശനവും ഉയർന്നിരുന്നു. എക്സൈസിൻ്റെ ഗോഡൗണായാണ് ഈ സ്ഥലം പ്രവർത്തിക്കുന്നത്. ഭൂരിഭാഗം സ്ഥലവും കാടു പിടിച്ച് കിടക്കുകയാണ്.