താനെ ജില്ലയിലെ ബദ്‌ലാപുരിൽ കുഞ്ഞുങ്ങൾക്കെതിരെ നടന്ന ലൈംഗിക ആക്രമണത്തിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇതിനിടെയാണ് മഹാ വികാസ് അഘാഡി മഹാരാഷ്ട്രയിൽ ബന്ദിന് ആഹ്വാനം ചെയ്തത്
മഹാരാഷ്ട്രയിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് 24ന് ആഹ്വാനം ചെയ്ത് സംസ്ഥാന വ്യാപക ബന്ദ് പിൻവലിച്ച് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി. ബന്ദ് സാധാരണ ജനജീവിതം സ്തംഭിപ്പിക്കുമെന്ന ബോംബൈ ഹൈക്കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. തുടർന്നും ബന്ദ് നടത്തരുതെന്ന കോടതി വിധി അംഗീകരിക്കാനാകില്ലെന്നും, എന്നാൽ ശനിയാഴ്ചത്തെ ബന്ദിൽ നിന്ന് പിന്മാറുകയാണെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിക്കുമെന്നും മഹാ വികാസ് അഘാഡി നേതൃത്വം അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ബദ്‌ലാപൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ബന്ദ് ആഹ്വാനം ചെയ്തിരുന്നത്. കോടതി ഇടപെടലിനെ തുടർന്നാണ് ഇപ്പോഴത്തെ പിന്മാറ്റം.
താനെ ജില്ലയിലെ ബദ്‌ലാപുരിൽ കുഞ്ഞുങ്ങൾക്കെതിരെ നടന്ന ലൈംഗിക ആക്രമണത്തിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇതിനിടെയാണ് മഹാ വികാസ് അഘാഡി മഹാരാഷ്ട്രയിൽ ബന്ദിന് ആഹ്വാനം ചെയ്തത്.
പശ്ചിമ ബംഗാളിൽ വനിത ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ബദ്‌ലാപൂരിൽ നാല് വയസ്സുള്ള രണ്ട് കുഞ്ഞുങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന റിപ്പോർട്ട് പുറത്തുവന്നത്. കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ജീവനക്കാരനായിരുന്നു പ്രതി. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ജനം ട്രെയിനടക്കം തടഞ്ഞിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജും നടന്നിരുന്നു. സംഘർഷത്തിൽ 25 പൊലീസുദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു.
വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ 75 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്‍റെ നടപടി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വിമർശിച്ചു. കുറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതാണ് സർക്കാർ നിലപാടെന്ന് ഉദ്ധവ് ആരോപിച്ചു. മഹാരാഷ്ട്ര സർക്കാരിൻ്റെ നിലപാടുകൾക്കെതിരെ കൂടിയാണ് പ്രതിഷേധമെന്ന് മഹാവികാസ് അഘാഡി വ്യക്തമാക്കി.