കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്ന് പൊലീസ് അറിയിച്ചു
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതി കൊല്ലം സ്വദേശി. ഒളിവിൽ കഴിയുന്ന ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. പോളിടെക്‌നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയാണ്. ഇയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്ന് ആഷിഖും, ഷാലിക്കും മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കളമശേരി ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1.97 കിലോഗ്രാം കഞ്ചാവാണ്. ഈ സമയം ആകാശ് മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ.
അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത് 9.7 ഗ്രാം കഞ്ചാവാണ്. ഈ സമയം യൂണിയൻ ഭാരവാഹി കൂടിയായ അഭിരാജും മുറിയിൽ ഉണ്ടായിരുന്നില്ല. തൃക്കാക്കര എസിപി പി. വി. ബേബി, നാർക്കോട്ടിക് എസിപി പി. അബ്ദുൽ സലാം എന്നിവരുടെ നേൃത്വത്തിലായിരുന്നു പരിശോധന. രാത്രിയിൽ ആരംഭിച്ച റെയ്‌ഡ് ഏഴുമണിക്കൂറോളം നീണ്ടുനിന്നിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
സംഭവത്തിൽ അഭിരാജ്,ആകാശ്, ആദിത്യൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയ കോളേജ് അധികൃതർ ആഭ്യന്തര അന്വേഷണത്തിനും നിർദേശം നൽകി. ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നും കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലീസ് അറിയിച്ചു.
കേസിൽ എസ്എഫ്ഐക്ക് പങ്കില്ലെന്ന വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തിയിരുന്നു. യഥാർഥ പ്രതി കെഎസ്‌യു പ്രവർത്തകൻ ആദിലാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. താൻ ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ജാമ്യം ലഭിച്ച അഭിരാജിൻ്റെ പ്രതികരണം. പോളിടെക്നിക്കിലെ ലഹരിപദാർത്ഥ വേട്ടയിൽ കെഎസ്‌യുക്കാർ ഉണ്ടെങ്കിൽ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യട്ടെ, എന്നായിരുന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം.