വേട്ടയാടിയ കടുവകളുടെ ശരീരഭാഗങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വഴി ചൈനയിലേക്ക് കടത്തുന്നതായും വനംവകുപ്പ് കണ്ടെത്തി.
രാജ്യത്ത് അഞ്ച് വർഷത്തിനിടെ വേട്ടയാടിക്കൊന്നത് നൂറിലധികം കടുവകളെയെന്ന് കണ്ടെത്തൽ. മധ്യപ്രദേശ് വനംവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് റിപ്പോർട്ട്. വേട്ടയാടിയ കടുവകളുടെ ശരീരഭാഗങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വഴി ചൈനയിലേക്ക് കടത്തുന്നതായും കണ്ടെത്തി.
2020 മുതൽ 25 വരെ മധ്യപ്രദേശിൽ നടന്ന കടുവ വേട്ടയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. രജുര മേഖലയിലുണ്ടായ കടുവ വേട്ടയുമായി ബന്ധപ്പെട്ട കേസിലായിരുന്നു തുടക്കം. കേസിൽ പതിമൂന്നുപേരെ വനംവകുപ്പ് പ്രത്യേക അന്വേഷണ സംഘം പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദേശീയ മൃഗത്തെ വേട്ടയാടി അന്താരാഷ്ട്ര കച്ചവടം നടത്തുന്നതായി കണ്ടെത്തിയത്.
മധ്യപ്രദേശ് കേന്ദ്രീകരിച്ചുള്ള ബഹേലിയ, ബവേരിയ വിഭാഗത്തിൽപ്പെട്ടവരാണ് കടുവാവേട്ടയ്ക്ക് പിന്നിലെന്ന് അന്വേഷണസംഘം പറയുന്നു. ഇവർ വേട്ടയാടുന്ന കടുവകളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിക്കും, തുടർന്ന് ചൈനയിലേക്കുൾപ്പടെ കടത്തും. അഞ്ച് വർഷങ്ങൾക്കിടെ മധ്യപ്രദേശിൽ നിന്ന് മാത്രം 41 കടുവകളെയും 55 പുലികളെയും വേട്ടയാടിയെന്നാണ് കണക്ക്. എന്നാൽ ഇതിൽക്കൂടുതൽ കടുവകൾ വേട്ടയാടപ്പെട്ടുവെന്നാണ് വനംവകുപ്പിന്റെ നിഗമനം.
കേരളത്തിലുൾപ്പടെ കടുവകൾ വർധിക്കുന്നുവെന്ന കണക്കുകൾ നിലനിൽക്കെയാണ് രാജ്യത്തെ കടുവകൾ ഭീഷണിയിലാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത് വന്നത്. ഇതോടെ കടുവസംരക്ഷണത്തിനായി നാഷണൽ ടൈഗർ കൺസർവേഷൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വേട്ട തടയാൻ ശക്തമായ നടപടി സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. അന്വേഷണത്തിനിടെ ഒളിവിൽ പോയ കടുവകടത്ത് സംഘത്തിലെ പ്രധാനികൾക്കായുള്ള തെരച്ചിൽ മധ്യപ്രദേശ് വനംവകുപ്പ് തുടരുകയാണ്.