ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കാൻ എഐ ഉപയോഗിക്കില്ലെന്ന എന്ന നയമുൾപ്പടെയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്
എഐ നൈതികത നയത്തിൽ മാറ്റം വരുത്തി ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ്. ആയുധ നിർമാണത്തിനും നിരീക്ഷണ ഉപകരണങ്ങളുടെ വികാസത്തിനും എഐ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ആൽഫബെറ്റ് നീക്കി. കമ്പനിയുടെ പ്രാരംഭ ഘട്ടം മുതൽ സ്വീകരിച്ചുപോന്ന നയത്തിൽ നിന്നാണ് ഈ മാറ്റം.
ഒടുവിൽ ഗൂഗിളും എഐ നൈതികതയിൽ നിന്ന് പിറകോട്ട് പോകുകയാണ്. ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കാൻ എഐ ഉപയോഗിക്കില്ലെന്ന എന്ന നയമുൾപ്പടെയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. എഐ എന്തിനെല്ലാം ഉപയോഗിക്കില്ല എന്ന് വ്യക്തമാക്കുന്ന പട്ടികയിൽ നിന്നാണ് ഇവ നീക്കം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിൽ നിരീക്ഷണത്തിനായി എഐ ഉപയോഗിക്കില്ല, മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇടയാകുന്ന തരത്തിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കില്ല എന്നീ ചട്ടങ്ങളും പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം തീരുമാനത്തെ ന്യായീകരിച്ച് ഗൂഗിൾ ഡീപ്പ്മൈൻഡ് ചീഫ് ഡെമിസ് ഹസ്സാബിസും ടെക്‌നോളജി ആൻഡ് സൊസൈറ്റി സീനിയർ വൈസ് പ്രസിഡൻ്റ് ജെയിംസ് മനികയും ബ്ലോഗ് പോസ്റ്റുമായെത്തി. ജനാധിപത്യ രാജ്യങ്ങളിലെ കമ്പനികൾ സർക്കാരുകളുമായി ചേർന്ന് ദേശ സുരക്ഷക്കായി എഐ ഉപയോഗപ്പെടുത്തണമെന്ന് പോസ്റ്റിൽ പറയുന്നു. സ്വാതന്ത്ര്യം, സമത്വം എന്നിവയിലൂന്നിയാകണം പ്രവർത്തനമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സർക്കാർ പ്രതിരോധ കരാറുകൾ സ്വന്തമാക്കാൻ വേണ്ടിയാണ് ഈ നിലപാട് മാറ്റമെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാം വരവിന് പിന്നാലെയാണ് ഈ ചുവടുമാറ്റം എന്നതും ശ്രദ്ധേയമാണ്.