ആക്രമണം ഉണ്ടാക്കിയ ആന മുൻപും അക്രമസ്വഭാവം കാട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് ഉണ്ടായ അപകടത്തിൽ ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്ന് റിപ്പോർട്ട്. അപകടത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് ഫോറസ്റ്റ് കൺസർവേറ്റർ വനം മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ആക്രമണം ഉണ്ടാക്കിയ ആന മുൻപും അക്രമസ്വഭാവം കാട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ആനയുടെ കാലുകളിൽ ചങ്ങലയുണ്ടായിരുന്നില്ല. അക്രമം ഉണ്ടാക്കിയ ആനയ്ക്ക് മദപ്പാടിൻ്റെ ലക്ഷണം ഉണ്ടായിരുന്നു. ഇരു ആനകളും തമ്മിൽ നിയമപരമായി നിർദേശിച്ച അകലം ഉണ്ടായിരുന്നില്ല. ആനയുടെ സമീപത്ത് അലക്ഷ്യമായി പടക്കങ്ങൾ പൊട്ടിച്ചു.ശബ്ദത്തിൽ പീതാംബരൻ എന്ന ആന പ്രകോപിതനായി എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആനകളിൽ മദപാടിന് കാരണമായ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിൻ്റെ അളവ് കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരു ആനയെ എഴുന്നള്ളിക്കാൻ അനുമതി
ഫെബ്രുവരി 13നാണ് കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജന്‍ വടക്കായി എന്നിവരാണ് മരിച്ചത്. ഇവർ ഓഫീസിന് താഴെയായിട്ടായിരകുന്നു ഇരുന്നത്. ഗുരുവായൂരിൽ നിന്നും കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്.
ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ വലിയ രീതിയിൽ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരൻ ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുൽ എന്ന ആനയെ കുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോർക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അപ്രതീക്ഷിതമായി ആനകൾ ഇടഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി.
ക്ഷേത്രോത്സവത്തിന്‍റെ അവസാന ദിവസം ശീവേലി തൊഴാന്‍ നിന്നവരാണ് ആനകളുടെ മുന്നിൽ പെട്ടത്. പലരും പലവഴിക്ക് ഓടുകയും ചിലർ വീഴുകയും ചെയ്തു. അപകടത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ക്ഷേത്രോത്സവങ്ങളിൽ ആന എഴുന്നള്ളിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഉത്തരവിൽ അയവുവരുത്തി കൊണ്ട് ഉത്സവത്തിന് ഒരു ആനയെ എഴുന്നള്ളിക്കാമെന്നും, അത് ജില്ലയിലുള്ള ആന തന്നെയായിരിക്കണമെന്നും ജില്ലാ മോണിറ്ററിങ് കമ്മിറ്റി അറിയിച്ചിരുന്നു.
ആനയിടഞ്ഞ സംഭവത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആനപാപ്പാന്മാരുടെ നിർണായക മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്. എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ഗുരുവായൂർ പീതാംബരൻ പടക്കം പൊട്ടിച്ചാൽ അസ്വസ്ഥനാവുമെന്ന വിവരം കൃത്യമായി ക്ഷേത്രഭാരവാഹികളോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. പടക്കം പൊട്ടിക്കുമെങ്കിൽ മുൻകൂട്ടി തങ്ങളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു അതുണ്ടായില്ലെന്നും പാപ്പാൻമാർ വെളിപ്പെടുത്തി.
പ്രാഥമിക പരിശോധനയിൽ തന്നെ ആനയിടഞ്ഞ സംഭവത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വനംവകുപ്പ് മന്ത്രിയും പ്രതികരിച്ചു. ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നടപടിക്രമങ്ങളും നിയമങ്ങളും ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. കേരളത്തിലിപ്പോൾ ഉത്സവകാലമാണ്. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന കാര്യക്ഷമമാക്കാൻ നിർദേശം നൽകും. ഈ വിഷയം മന്ത്രി ചിഞ്ചു റാണിയുമായി സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഹൈക്കോടതി കർശനമായ നിർദേശമാണ് മുന്നോട്ടുവച്ചത്. ജനങ്ങളുടെ ക്ഷേത്രാചാരവും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആന എഴുന്നള്ളിപ്പ് ആവശ്യമെന്നുള്ളത് കൊണ്ട് ബാലൻസിംഗ് നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിയന്ത്രണങ്ങൾക്ക് വിധേയമായി ആന എഴുന്നള്ളത്ത് നടത്താൻ തന്നെയാണ് സർക്കാർ തീരുമാനിച്ചത്. അതാത് സ്ഥലത്തെ സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് അധികാരം നൽകുകയും ചെയ്തു.കോടതിയിലും സർക്കാർ ഈ നിലപാട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.