13 ലക്ഷം രൂപ നൽകിയാണ് കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിൽ അലീന ജോലിക്ക് കയറിയത്
ആറ് വര്‍ഷം ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നി (29)യെയാണ് വീട്ടുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയാണ്. 13 ലക്ഷം രൂപ നൽകിയാണ് കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിൽ അലീന ജോലിക്ക് കയറിയത്. ആറു വർഷം പിന്നിട്ടിട്ടും ജോലി സ്ഥിരപ്പെടുത്തി നൽകിയില്ലെന്നുമാത്രമല്ല,ശബളയിനത്തിൽ ഒരു രൂപ പോലും നൽകിയതുമില്ല. ഇവർ താമസിച്ചിരുന്ന കട്ടിപ്പാറയിലെ വീട്ടിൽ നിന്നും ജോലി ഏകദേശം 25 കിലോമീറ്റർ ദൂരത്തായിരുന്നു ഇവർ ജോലി ചെയ്തിരുന്ന വിദ്യാലയം.
കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യങ്ങളോ ആവശ്യമില്ലാ എന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നു. ശമ്പളം കിട്ടാത്തതും, കുടിശ്ശിക കിട്ടില്ലെന്നുമായതോടെ അലീന മാനസികമായി തളർന്നിരുന്നു. ഇതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
"ഒരു ടെർമിനേഷൻ വേക്കൻസി വന്നതിൽ പിന്നെയാണ് നിയമനം ഉണ്ടായത്. എഇഒ ഓഫീസിൽ കാര്യങ്ങൾ സബ്മിറ്റ് ചെയ്യുന്ന സമയത്ത് ടെർമിനേറ്റ് ചെയ്ത ടിച്ചർ തടസവാദം ഉന്നയിച്ചിരുന്നു. അതിൻ്റെ നടപടി ക്രമങ്ങൾ ഏകദേശം നാലു വർഷം വരെ നീണ്ടുപോയിരുന്നു. ആ ഒരു കാലയളവിലും ഒരു രൂപ പോലും ശമ്പളം നൽകിയില്ല. അതിൻ്റെ മനോവിഷമത്തിലായിരുന്നു മകളെന്ന്" അലീനയുടെ പിതാവ് ബെന്നി വളവനാനിക്കൽ പറഞ്ഞു. മാനേജറോട് ഈ വിഷയം സംസാരിച്ചപ്പോൾ, അത് വേണ്ട വിധം ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല.
പോസ്റ്റ് മാറ്റി തരണമെന്നും, അല്ലെങ്കിൽ ട്രാൻസ്‌ഫർ തരണമെന്നും പറഞ്ഞിട്ടും അതൊന്നും മാനേജ്‌മെൻ്റ് ചെവിക്കൊണ്ടില്ല. ശമ്പളം കിട്ടാത്തിൻ്റെ പേരിൽ സ്കൂൾ വിട്ട് വരുമ്പോൾ എന്നും വിഷമിച്ചിട്ടാണ് മകൾ വീട്ടിലേക്ക് വരുന്നതെന്നും പിതാവ് പറഞ്ഞു. നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും, രണ്ട് മാസത്തിനുള്ളിൽ തുക നൽകുമെന്നും പ്രധാനാധ്യാപകൻ അറിയിച്ചിരുന്നതായും പിതാവ് കൂട്ടിച്ചേർത്തു.
വിവാഹ ജീവിതം തിരഞ്ഞെടുക്കാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിലായിരുന്നു കുടുംബം. അലീനയ്ക്ക് ശമ്പളം കൊടുക്കാതിരിക്കുമ്പോൾ പോലും സ്കൂളുകളിൽ മറ്റ് നിയമനങ്ങൾ തകൃതിയായി നടന്നിരുന്നെന്നും, തൻ്റെ മകളുടെ കാര്യത്തിൽ മാത്രമായിരുന്നു ഈ ഒരു നിലപാട് സ്വീകരിച്ചിരുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു. സർക്കാർ അനുവദിച്ചാൽ മാത്രമേ പണം നൽകാനാവൂ എന്നും മാനേജ്മെൻ്റ് പറഞ്ഞിരുന്നതായും, എന്നാൽ കൃത്യമായി രേഖകൾ സമർപ്പിക്കാത്ത പക്ഷം എങ്ങനെയാണ് സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയെന്നും പിതാവ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)