2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപുമായി തോളോട് തോള്‍ ചേർന്ന് പ്രവർത്തിച്ച വാന്‍സ് എല്ലാക്കാലത്തും ഒരു ട്രംപ് അനുകൂലിയായിരുന്നില്ല
"അമേരിക്കയിലെ പുരുഷന്മാരുടെ പുരുഷത്വം അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്"- യുഎസിന്‍റെ 50-ാം വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാന്‍സിന്‍റെ നാവില്‍ നിന്നും ഇങ്ങനെയൊരു പ്രസ്താവനയുണ്ടായപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. കാരണം നിരന്തരമായി ഇത്തരം പരാമർശങ്ങള്‍ നടത്തിയാണ് വാന്‍സ് തന്‍റേതായ അനുയായികളെ സൃഷ്ടിച്ചത്. 2021 സെപ്റ്റംബറില്‍ ഒരു അമേരിക്കന്‍ പോഡ്കാസ്റ്റർക്ക് നല്‍കിയ അഭിമുഖത്തിലാണ് വാന്‍സ് അമേരിക്കന്‍ പുരുഷന്മാരുടെ പൗരുഷത്തെപ്പറ്റിയും വിദ്യാസമ്പന്നരായ തൊഴിലെടുക്കുന്ന സ്ത്രീകളേപ്പറ്റിയും മോശം പരാമർശങ്ങള്‍ നടത്തിയത്.
ഇതേ പോഡ്കാസ്റ്റില്‍, തന്‍റെ കൂടെ യേല്‍സില്‍ പഠിച്ച വനിതകളേപ്പറ്റി വാന്‍സ് നടത്തിയ മറ്റൊരു പരാമർശം കൂടി പരിശോധിക്കാം. " ജീവിതത്തിന് അർത്ഥം നൽകുന്ന മൂല്യങ്ങളെന്ന നിലയ്ക്കാണ് അവർ വംശീയ, ലിംഗ സമത്വ ചിന്തകള്‍ പിന്തുടരുന്നത് ... എന്നാൽ ഇത്തരം മൂല്യങ്ങള്‍ അവരെ ദുരിതത്തിലേക്കാണ് നയിക്കുന്നത്." ഈ വാക്കുകളിലൂടെ എത്രമാത്രം പിന്തിരിപ്പനും വംശീയ വിദ്വേഷിയും സ്ത്രീവിദ്വേഷിയുമായ ഒരു മനുഷ്യന്‍റെ ചിത്രമാണോ ലഭിക്കുന്നത്, അതാണ് ജെ.ഡി. വാന്‍സ് എന്ന യുഎസിന്‍റെ നിയുക്ത വൈസ് പ്രസിഡന്‍റ്.
2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപുമായി തോളോട് തോള്‍ ചേർന്ന് പ്രവർത്തിച്ച വാന്‍സ് എല്ലാക്കാലത്തും ഒരു ട്രംപ് അനുകൂലിയായിരുന്നില്ല. എന്നുമാത്രമല്ല, ഒരു ട്രംപ് വിരോധി കൂടിയായിരുന്നു. 2016ല്‍ റിപ്പബ്ലിക്കന്‍ പാർട്ടിക്ക് വേണ്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ട്രംപ് ആദ്യമായി മത്സരിച്ചപ്പോള്‍ രൂക്ഷമായ വിമർശനങ്ങളാണ് വാന്‍സ് ട്വിറ്ററിലൂടെയും അഭിമുഖങ്ങളിലൂടെയും ചൊരിഞ്ഞത്. വിഡ്ഢിയെന്നും നിന്ദ്യനെന്നുമെല്ലാം വാന്‍സ് ട്രംപിനെ വിശേഷിപ്പിച്ചു. ഒരു ഘട്ടത്തില്‍ ട്രംപിനെ ഹിറ്റ്ലറുമായാണ് വാന്‍സ് താരതമ്യപ്പെടുത്തിയത്. അപ്പോഴും അമേരിക്കന്‍ എലൈറ്റുകളോട് ട്രംപിനുള്ളതിനു സമാനമായ വെറുപ്പ് വാന്‍സിനുമുണ്ടായിരുന്നു.
2022ല്‍ വാന്‍സിന്‍റെ ട്രംപ് വിരുദ്ധ നിലപാടുകളൊക്കെ മാറി. രാഷ്ട്രീയപരമായി റീബ്രാന്‍ഡ് ചെയ്യപ്പെട്ട വാന്‍സ് ട്രംപ് അനുകൂലിയായി റിപ്പബ്ലിക്കന്‍ ടിക്കറ്റില്‍ ഒഹായോവില്‍ നിന്നും സെനറ്റിലേക്ക് മത്സരിച്ചു വിജയിച്ചു. പിന്നാലെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയും. ഇപ്പോഴിതാ ട്രംപിനൊപ്പം വൈറ്റ് ഹൗസിലേക്ക് ജയിച്ചുകയറി.
എളുപ്പമായിരുന്നില്ല ജെ.ഡി വാന്‍സ് എന്ന ഒഹായോ സ്വദേശിയുടെ ഈ വളർച്ച. ലഹരിക്കടിമയായ അമ്മ, ചെറുപ്പത്തിലെ കുടുംബം ഉപേക്ഷിച്ച അച്ഛന്‍ എന്നിങ്ങനെ ദുരിതപൂർവമായിരുന്നു ആ യാത്ര. തന്‍റെ കുട്ടിക്കാല അനുഭവങ്ങളേപ്പറ്റി വാന്‍സ് രചിച്ച ഹില്‍ബില്ലി എലിജി എന്ന പുസ്തകത്തില്‍ ഇതിനേപ്പറ്റി വിശദമായ വിവരണങ്ങളുണ്ട്. "കുറഞ്ഞ സാമൂഹിക സ്ഥാനം മുതൽ ദാരിദ്ര്യം വരെ, വിവാഹമോചനം മുതല്‍ മയക്കുമരുന്ന് ആസക്തി വരെ, എൻ്റെ വീട് ദുരിതത്തിൻ്റെ കേന്ദ്രമാണ്," വാന്‍സ് എഴുതി. ട്രംപിനെ വിജയിപ്പിക്കാന്‍ വെള്ളക്കാരെയും തൊഴിലാളിവർഗത്തേയും പ്രേരിപ്പിച്ച സാമൂഹിക അവസ്ഥയുടെ വിവരണം കൂടിയായിരുന്നു 2016ന് പ്രസിദ്ധീകരിച്ച ഹില്‍ബില്ലി എലിജി. പുസ്തകം യുഎസില്‍ ബെസ്റ്റ് സെല്ലറായി. ഇതോടെ ഒരു എഴുത്തുകാരനെന്ന നിലയില്‍ വാന്‍സ് പ്രസിദ്ധിയാർജിച്ചു. 2020ല്‍ ഹില്‍ബില്ലി എലിജി അതേ പേരില്‍ ഓസ്ക്കാർ അവാർഡ് ജേതാവ് റോണ്‍ ഹൊവാർഡ് സിനിമയാക്കിയതോടെ വാന്‍സ് പോപ്പുലർ മുഖമായി.
2022ല്‍ ഒഹായോവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോബ് പോര്‍ട്ട്മാന്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലായെന്ന തീരുമാനം എടുക്കുന്നിടത്താണ് ജെ.ഡി. വാന്‍സിന്‍റെ രാഷ്ട്രീയ തലവര മാറുന്നത്. ഒപ്പം ട്രംപിനോടുള്ള സമീപനവും. ഒഹായോവില്‍ സെനറ്ററായി ജയിച്ചു കയറണമെങ്കില്‍ ആ മാറ്റം അത്യാവശ്യമായിരുന്നു. മുന്‍പ് ട്രംപിനെപ്പറ്റി നടത്തിയ പരാമര്‍ശങ്ങളില്‍ വാന്‍സ് മാപ്പു ചോദിച്ചു. പെട്ടെന്നുള്ള ഒരു വെളിപാട് അല്ലിതെന്നും സ്വാഭാവികമായി സംഭവിച്ച പരിവർത്തനമാണെന്നും വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ വാന്‍സ് ട്രംപിന്‍റെ വിശ്വസ്തനായ ഒഹായോ സ്റ്റേറ്റ് സെനറ്ററായി. 'അമേരിക്കയെ വീണ്ടും മഹത്തരമാക്കാം' എന്ന ട്രംപിന്‍റെ മുദ്രാവാക്യത്തോട് പൂര്‍ണമായി കീഴ്‌പ്പെട്ട വാന്‍സിനെയാണ് പിന്നെ കാണാന്‍ കഴിയുന്നത്.
യുഎസ് സെനറ്റിലെ യാഥാസ്ഥിതിക വോട്ടായിരുന്നു ജെ.ഡി. വാന്‍സ്. ആഗോള നയങ്ങളില്‍ തീവ്ര വലതുപക്ഷ നിലപാടായിരുന്നു വാന്‍സ് സ്വീകരിച്ചിരുന്നത്. ജനകീയ സാമ്പത്തിക നയങ്ങളെ അനുകൂലിക്കുന്ന വാന്‍സ് യുക്രെയ്‌നിനു നല്‍കുന്ന സാമ്പത്തിക സഹായങ്ങളില്‍ സംശയാലുവായിരുന്നു. ഗാസ അനുകൂല പ്രതിഷേധങ്ങള്‍ നടക്കുന്ന, 'അനധികൃത കുടിയേറ്റക്കാരെ' പഠിപ്പിക്കുന്ന കോളേജുകളുടെ ഫെഡറല്‍ ഫണ്ടുകള്‍ പിടിച്ചുവെയ്ക്കണമെന്നൊരു ബില്ല് വാന്‍സ് സെനറ്റില്‍ അവതരിപ്പിച്ചിരുന്നു. 2019ല്‍ കത്തോലിക്കനായി ജ്ഞാനസ്‌നാനം ചെയ്ത് 15 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭച്ഛിദ്ര നിരോധനത്തിനെ അനുകൂലിച്ചും വാന്‍സ് രംഗത്ത് വന്നു.
2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയത്തിന്‍റെ കാരണങ്ങളില്‍ ഒന്ന് വാന്‍സിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വമാണ്. മിഷിഗൺ, വിസ്കോൺസിൻ, പെൻസിൽവാനിയ എന്നിങ്ങനെയുള്ള ചില പ്രധാന സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപ് അനുകൂല വോട്ടുകള്‍ സമാഹരിക്കുന്നതിനു വാന്‍സിന്‍റെ മധ്യപടിഞ്ഞാറൻ വേരുകൾ സഹായകമായി. മാത്രമല്ല, സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞത് മുതല്‍ പാർട്ടിയും ട്രംപും ഏല്‍പ്പിച്ച ദൗത്യം വാന്‍സ് പ്രാവർത്തികമാക്കാന്‍ തുടങ്ങിയിരുന്നു. എതിർ സ്ഥാനാർഥി കമല ഹാരിസിനു നേരെ വാന്‍സ് നിരന്തരം അധിക്ഷേപ പരമാർശങ്ങള്‍ നടത്തി. കുട്ടികളില്ലാത്ത ഡെമോക്രാറ്റുകളെക്കുറിച്ച് വാന്‍സ് 2021ല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കി. " ദയനീയമായി ജീവിക്കുന്ന ഒരു കൂട്ടം മക്കളില്ലാത്ത മാർജാര വനിതകളാണ് രാജ്യം ഭരിക്കുന്നത്" എന്നായിരുന്നു വാന്‍സിന്‍റെ പരാമർശം. നടി ജെനിഫർ ആനിസ്റ്റണ്‍, പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിങ്ങനെ നിരവധിപേർ വാന്‍സിനെ വിമർശിച്ചു രംഗത്തുവന്നു. ഇതിനു പിന്നാലെ ഹെയ്തിയൻ കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നതിനെക്കുറിച്ച് നടത്തിയ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളിലും വാന്‍സ് പ്രതിരോധത്തിലായി.
Also Read: ട്രംപിന്റെ വിശ്വസ്തന്‍, ഇനി സിഐഎ തലപ്പത്തേക്കും! ആരാണ് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍?
വിമർശനങ്ങള്‍ക്ക് നടുവിലും ജെ.ഡി. വാന്‍സ് തന്‍റെ തീവ്ര നിലപാടുകളില്‍ നിന്നും പിന്നോട്ട് പോയില്ല. ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ടിം വാള്‍സുമായി സംവാദങ്ങളില്‍ വാന്‍സ് കത്തിക്കയറി. ഉറപ്പോടെയും ഒഴുക്കോടെയും വാന്‍സ് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തില്‍ വാന്‍സിന്‍റെ ആത്മവിശ്വാസം പ്രകടമായിരുന്നു. കമലാ ഹാരിസ് തൻ്റെ 2024ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കാത്തത് എന്തെന്ന് ചോദിക്കാന്‍ വാന്‍സ് ടിം വാള്‍സിനോട് ആവശ്യപ്പെട്ടു. എന്നാല്‍ 2020ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് മുന്നില്‍ വാന്‍സ് പതറി. ചോദ്യത്തിന് നേരിട്ട് ഉത്തരം നൽകാൻ വിസമ്മതിച്ച് നില്‍ക്കുന്ന വാന്‍സിനേയാണ് ആ സംവാദത്തില്‍ കാണാന്‍ സാധിക്കുക. ട്രംപുമായി എത്രകണ്ട് വാന്‍സ് താദാത്മ്യം പ്രാപിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവായിരുന്നു ഇത്.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ജെ.ഡി. വാന്‍സിനെ വിശേഷിപ്പിച്ചത് ട്രംപിന്‍റെ 'ക്ലോണ്‍' എന്നായിരുന്നു. സെനറ്റിലെയും തെരഞ്ഞെടുപ്പ് പ്രചരണത്തിലേയും വാന്‍സിന്‍റെ പ്രകടനങ്ങള്‍ ഇത് ശരിവെയ്ക്കുന്നതാണ്. കുടിയേറ്റം, ഗർഭച്ഛിദ്രം, വിദേശ നയം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ വാന്‍സ് സ്വീകരിക്കുന്ന നിലപാടുകള്‍ ട്രംപിനെക്കാള്‍ ഒരുപടി മുകളിലായിരിക്കാനാണ് സാധ്യത. ട്രംപ് വിരോധിയില്‍ നിന്നും വൈസ് പ്രസിഡന്‍റ് സ്ഥാനം വരെയുള്ള സംഭവബഹുലമായ വാന്‍സിന്‍റെ യാത്ര ഈ സാധ്യതയും തള്ളിക്കളയുന്നില്ല.