സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കെതിരെയാണ് നടപടി
ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ നടപടി. ആരോപണ വിധേയരായ മൂന്നുപേരെ സസ്പെൻഡ് ചെയ്തു. സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കെതിരെയാണ് നടപടി. റൂറൽ ഡെവലപ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയുടെ ബോർഡ് മീറ്റിങ്ങിൽ ആണ് തീരുമാനം.
സിപിഎം ഭരിക്കുന്ന ബാങ്കിൽ, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സാബുവിനെ മുൻ ബാങ്ക് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആർ. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
സാബുവിന് നൽകാനുള്ളത് 12 ലക്ഷം മാത്രമെന്നായിരുന്നു സൊസൈറ്റി നൽകിയ വിശദീകരണം. സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതല്‍ സംഘത്തില്‍ ഇടപാടുകള്‍ നടത്തിവന്നവരാണ്. 2020 വരെയുള്ള കാലയളവില്‍ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചു. 2020 ജൂണില്‍ മുഴുവന്‍ തുകയും പിന്‍വലിച്ചു. പിന്നീടുള്ള മാസങ്ങളില്‍ പലതവണയായി 90 ലക്ഷം രൂപ സംഘത്തില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍നിന്ന് 2023 ഒക്‌ടോബറില്‍ 35 ലക്ഷം രൂപ പിന്‍വലിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ പലപ്രാവശ്യമായി 10 ലക്ഷം, 5 ലക്ഷം, 3ലക്ഷം, 1.5 ലക്ഷം എന്നീ തുകകളും പിന്‍വലിച്ചെന്നാണ് സൊസൈറ്റിയുടെ വിശദീകരണം.
ബാക്കിയുള്ള 12 ലക്ഷത്തോളം രൂപ ഓരോമാസവും തവണകളായി നല്‍കാമെന്ന് സംഘവുമായി ധാരണയുണ്ടായിരുന്നതയും ഭരണസമിതി പറയുന്നു. കഴിഞ്ഞ 12, 16 തീയതികളിലായി 1,20,000 രൂപയും നിക്ഷേപത്തില്‍നിന്ന് നല്‍കിയിട്ടുണ്ടെന്ന് സൊസൈറ്റി ഭരണസമിതി കുറുപ്പിൽ പറയുന്നു.എന്നാൽ ഒടുവിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപയാണെന്നും ഇതിൽ 25 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നുമാണ് സാബുവിന്റെ ബന്ധുക്കൾ പറയുന്നത്. ബാങ്ക് ജീവനക്കാരിൽ നിന്നുണ്ടായ മോശം അനുഭവം സാബുവിനെ വല്ലാതെ തളർത്തിയതായും ബന്ധുക്കൾ പറയുന്നു.