അധികാരമേൽക്കുന്ന ആദ്യ ദിവസം തന്നെ ടിക് ടോകിന്റെ നിരോധനം നീക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഉപഭോക്താക്കളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ടിക് ടോക്
ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ യുഎസിൽ സർവീസ് പുനരാരംഭിച്ച് ജനപ്രിയ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക് ടോക്. ഫെഡറൽ നിയമ പ്രകാരം യുഎസിൽ ടിക് ടോകിന് ജനുവരി 19 മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ടിക് ടോക് യുഎസിലെ പ്രവർത്തനം അവസാനിപ്പിച്ചത്. എന്നാൽ എക്സിക്യൂട്ടീവ് ഇടപെടലിലൂടെ അധികാരമേൽക്കുന്ന ആദ്യ ദിവസം തന്നെ ടിക് ടോകിന്റെ നിരോധനം നീക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഉപഭോക്താക്കളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ടിക് ടോക്.
"170 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ടിക് ടോക്ക് സേവനം നൽകുന്നതിലൂടെ ഞങ്ങളുടെ സേവന ദാതാക്കൾക്ക് യാതൊരു പിഴയും നേരിടേണ്ടിവരില്ലെന്ന കാര്യത്തിൽ ആവശ്യമായ വ്യക്തതയും ഉറപ്പും നൽകിയതിന് ഞങ്ങൾ പ്രസിഡന്റ് ട്രംപിനോട് നന്ദി പറയുന്നു. ഒന്നാം ഭേദഗതിക്കും ഏകപക്ഷീയമായ സെൻസർഷിപ്പിനും എതിരായ ശക്തമായ നിലപാടാണിത്. ടിക് ടോക്കിനെ അമേരിക്കയിൽ നിലനിർത്തുന്ന ഒരു ദീർഘകാല പരിഹാരത്തിൽ ഞങ്ങൾ പ്രസിഡന്റ് ട്രംപുമായി സഹകരിച്ച് പ്രവർത്തിക്കും ", ടിക് ടോകിന്റെ പ്രസ്താവനയിൽ പറയുന്നു.
നിരോധനം പൂർണമായി പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ടിക് ടോക്കിന്റെ ചൈന ആസ്ഥാനമായുള്ള മാതൃ സ്ഥാപനത്തിന് പുതിയ ഒരു അംഗീകൃത ബയറെ കണ്ടെത്താൻ കൂടുതൽ സമയം അനുവദിക്കുന്നതിനായി ഉത്തരവ് പുറപ്പെടുവിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. യുഎസിന് 50 ശതമാനം ഉടമസ്ഥതയുള്ള ഒരു സംയുക്ത സംരംഭമായി ടിക് ടോകിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു യുഎസിലെ ടിക് ടോക് ഉപഭോക്താക്കൾക്കുള്ള ട്രംപിന്റെ ഉറപ്പ്.
Also Read: അസാധാരണത്വം, അനിശ്ചിതത്വം; ട്രംപിന്റെ രണ്ടാം വരവില്‍ ലോകം എന്ത് പ്രതീക്ഷിക്കണം?
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് നിരോധനമേർപ്പെടുത്തിക്കൊണ്ട് 2024 ഏപ്രിലിലാണ് ജോ ബൈഡന്‍ സർക്കാർ ഫെഡറല്‍ നിയമം പാസാക്കിയത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സുമായി ബന്ധം വിച്ഛേദിച്ച് പുതിയ ഒരാൾക്ക് സംരംഭം വിൽക്കുകയാണെങ്കിൽ നിരോധനം ഒഴിവാക്കാമെന്നായിരുന്നു നിർദേശം. ഇതിനായി അനുവദിച്ച സമയപരിധി ജനുവരി 19ന് അവസാനിച്ചതിനെ തുടർന്നാണ് ടിക് ടോക് യുഎസിലെ സേവനം അവസാനിപ്പിച്ചത്.
നിരോധനത്തിനെതിരെ ഡിസംബറിൽ ഫെഡറല്‍ കോടതിയെ സമീപിച്ചെങ്കിലും ബൈറ്റ്‌ഡാന്‍സിനെതിരായിരുന്നു വിധി. യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്രത്തെ ഹനിക്കുന്നതാണ് നിരോധനമെന്ന് കമ്പനി വാദിച്ചു. എന്നാല്‍ സൈബർ സുരക്ഷ സംബന്ധിച്ച യുഎസ് കോണ്‍ഗ്രസിന്‍റെ ആശങ്കയെ പിന്തുണച്ച കോടതി നിരോധനം ശരിവെച്ചു. ഇതോടെയാണ് ബൈറ്റ്‌ഡാന്‍സ് യുഎസ് സുപ്രീംകോടതിയെ അപ്പീലുമായി സമീപിച്ചത്. ജനുവരി 10ന് അപ്പീലില്‍ വാദം കേട്ട കോടതി കീഴ്‌കോടതി വിധി ശരിവെയ്ക്കുകയായിരുന്നു. എന്നാൽ നിരോധനം നടപ്പിലാക്കാനുള്ള തീരുമാനം ട്രംപിനു വിട്ടുകൊടുക്കാനായിരുന്നു അധികാരമൊഴിയുന്ന ജോ ബൈഡന്‍ സർക്കാരിന്‍റെ തീരുമാനം.
ട്രംപിന് ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയും?
ദേശീയ സുരക്ഷയെ മുൻനിർത്തിയാണ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോകിന് യുഎസ് നിരോധനം ഏർപ്പെടുത്തിയത്. 2024 ഏപ്രിലിലാണ് ഇതു സംബന്ധിച്ച ഫെഡറൽ നിയമം ജോ ബൈഡൻ സർക്കാർ പാസാക്കിയത്. ജനുവരി 19ന് മുൻപ് മാതൃസ്ഥാപനവുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു നിർദേശം. നിരവധി നിക്ഷേപകർ പലതരത്തിലുള്ള ഓഫറുകൾ മുൻപോട്ട് വെച്ചെങ്കിലും ബൈറ്റ്ഡാൻസ് ടിക് ടോക് വിൽക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
Also Read: ഇനി ട്രംപ് ഭരണം; 47-ാമത് യുഎസ് പ്രസിഡന്റായി ഇന്ന് ചുമതലയേൽക്കും
യുഎസ് പ്രസിഡന്റിന് ഈ സമയപരിധിയിൽ 90 ദിവസത്തെ ഇളവ് അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. അതുകൊണ്ടാണ് അധികാരത്തിൽ വന്നാൽ പുതിയ ഉടമയെ കണ്ടെത്താനുള്ള സമയപരിധി നീട്ടിനൽകാമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ യുഎസ് സുപ്രീം കോടതി ഏകകണ്ഠമായി നിരോധനം ശരിവയ്ക്കുകയും ട്രംപ് അധികാരത്തിൽ ഏറുന്നതിനും മുൻപ് നിരോധനം പ്രാബല്യത്തിൽ വരികയും ചെയ്തതിനാൽ ഈ ഇളവ് എങ്ങനെ ബാധകമാകുമെന്നത് ഒരു ചോദ്യമാണ്. വിലക്ക് നീക്കാനുള്ള നിയമപരമായ അധികാരം ട്രംപിനില്ലെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ പ്രതിനിധികൾ പറയുന്നത്.