fbwpx
കുര്‍സ്കില്‍നിന്ന് യുക്രെയ്ന്‍ സൈന്യം പിന്മാറിയതായി റിപ്പോര്‍ട്ട്; സുദ്സയുടെ നിയന്ത്രണം വീണ്ടും റഷ്യക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 17 Mar, 2025 03:40 PM

കുര്‍സ്കിലെ യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങിയാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു

WORLD



പശ്ചിമ റഷ്യയിലെ കുര്‍സ്കില്‍നിന്ന് യുക്രെയ്ന്‍ സൈനികര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. റഷ്യ നിയന്ത്രണം തിരിച്ചുപിടിച്ചെന്ന് അവകാശപ്പെട്ട സുദ്സയില്‍ നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. കുര്‍സ്കിലെ സൈനിക പിന്മാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയൊന്നും യുക്രെയ്ന്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, യുദ്ധ ഭൂമിയുടെ പുതിയ ചിത്രങ്ങളില്‍, സുദ്സയില്‍നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കീവ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുര്‍സ്കിലെ യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങിയാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് യുക്രെയ്ന്‍ സൈന്യത്തിന്റെ നീക്കം.

കഴിഞ്ഞ ഓഗസ്റ്റില്‍ യുക്രെയ്ന്‍ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത മേഖലയാണ് കുര്‍സ്ക്. സുദ്സ ഉള്‍പ്പെടെ ആയിരത്തോളം ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് യുക്രെയ്ന്‍ സൈന്യം നിയന്ത്രണത്തിലാക്കിയത്. പ്രദേശത്തുണ്ടായിരുന്ന റഷ്യന്‍ സൈനികരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകളില്‍ സ്വാധീനം ചെലുത്തുന്നതിനായിരുന്നു യുക്രെയ്ന്റെ ഇത്തരമൊരു നീക്കം. പിന്നീട് ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളിലൂടെ റഷ്യ ചെറിയഭാഗം തിരിച്ചുപിടിച്ചിരുന്നു.


ALSO READ: 'യുക്രെയ്ന്‍ സൈനികര്‍ ആയുധംവെച്ച് കീഴടങ്ങിയാല്‍ സുരക്ഷ ഉറപ്പാക്കാം'; ട്രംപിന് പുടിന്റെ മറുപടി


യുക്രെയ്നില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎസ്, യുക്രെയ്ന്‍ പ്രതിനിധികള്‍ ധാരണയായതിനു പിന്നാലെ, കുര്‍സ്കില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരുന്നു. യുക്രെയ്ന്‍ സൈന്യത്തെ തുരത്താനുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അറിയിച്ച റഷ്യന്‍ പ്രതിരോധ മന്ത്രാലയം സുദ്സ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായും അറിയിച്ചിരുന്നു. എന്നാല്‍, സുദ്സയില്‍ പോരാട്ടം തുടരുകയാണെന്നായിരുന്നു യുക്രെയ്ന്‍ സേനയുടെ മറുപടി. സുദ്സയുടെ നിയന്ത്രണം തിരിച്ചുപിടിച്ചെന്ന റഷ്യന്‍ സേനയുടെ അവകാശവാദത്തെ യുക്രെയ്ന്‍ അന്നും ഇന്നും സ്ഥിരീകരിച്ചിട്ടുമില്ല.

വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ, റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുടിനോട് അഭ്യര്‍ഥിച്ചിരുന്നു. കുര്‍സ്ക് മേഖലയിലുള്ള യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങിയാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കാമെന്നായിരുന്നു പുടിന്റെ മറുപടി. യുക്രെയ്ന്‍ സൈനികര്‍ ആയുധംവെച്ച് കീഴടങ്ങണമെന്നാണ് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പുടിന്‍ പറഞ്ഞത്. യുഎസ്, യുക്രെയ്ന്‍ പ്രതിനിധികള്‍ ധാരണയായ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറില്‍ റഷ്യ കൂടി ഒപ്പുവയ്ക്കേണ്ടതുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് യുക്രെയ്ന്റെ സൈനിക പിന്മാറ്റം.

KERALA
'ഒരു കുടം താറും ഒരു കുറ്റിച്ചൂലും'; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
'ഒരു കുടം താറും ഒരു കുറ്റിച്ചൂലും'; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി