അപകടത്തിന് പിന്നാലെ വിവാദത്തിൽപ്പെട്ട ഓസ്കർ ഇവൻ്റസിന് തൃശൂർ കോർപ്പറേഷൻ വഴിവിട്ട സഹായങ്ങൾ ചെയ്തതായും പരാതി ഉയരുന്നുണ്ട്
ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റ സംഭവത്തിൽ ഓസ്കർ ഇവൻ്റ്സ് ഉടമ പി.എസ്. ജെനീഷ് പിടിയിൽ. തൃശൂരിൽ നിന്നാണ് പാലാരിവട്ടം പൊലീസ് ജെനീഷിനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും ജെനീഷ് അത് പാലിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.
ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന അഞ്ചാമത്തെ ആളാണ് ജെനീഷ്. മൃദംഗ വിഷൻ എംഡി നികോഷ് കുമാർ, സിഇഒ ഷമീർ, പരിപാടിക്ക് ക്രമീകരണമൊരുക്കിയ ഇവന്‍റ്സ് ഇന്ത്യ പ്രൊപ്രൈറ്റർ കൃഷ്ണകുമാർ, താൽക്കാലിക വേദി ഒരുക്കിയ ബെന്നി എന്നിവരെയാണ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നത്. ഇവർ നാല് പേർക്കും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജെനീഷിന്‍റെ അറസ്റ്റ് . പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാട്ടി ജെനീഷ് ഹാജരായിരുന്നില്ല.
Also Read: കലൂർ സ്റ്റേഡിയത്തിലെ അപകടം: ജിസിഡിഎ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
അതേസമയം, അപകടത്തിന് പിന്നാലെ വിവാദത്തിൽപ്പെട്ട ഓസ്കർ ഇവൻ്റസിന് തൃശൂർ കോർപ്പറേഷൻ വഴിവിട്ട സഹായങ്ങൾ ചെയ്തതായും പരാതി ഉയരുന്നുണ്ട്. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരമായ ബിനി ടൂറിസ്റ്റ് ഹോം, ഓസ്കർ ഉടമ പി.എസ്. ജെനീഷിന് വാടകയ്ക്ക് നൽകിയത് സംബന്ധിച്ചാണ് ഇപ്പോൾ പരാതികൾ ഉയരുന്നത്. കുറഞ്ഞ വാടകയ്ക്ക് ജെനീഷിന് കെട്ടിടം കൈമാറിയതിന് പിന്നിൽ വൻ അഴിമതിയുണ്ട്. ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ നേതാക്കളുടെയും അറിവോടെയാണ് ഈ വഴിവിട്ട നീക്കങ്ങൾ നടന്നിട്ടുള്ളതെന്നും പരാതിക്കാരനായ അഭിഭാഷകൻ കെ. പ്രമോദ് പറയുന്നു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതരമായി പരുക്കേറ്റത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനു മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിന് പകരമായി റിബണ്‍ വെച്ച് കെട്ടിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്. ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.