ഹമാസ് മൂന്ന് ബന്ധികളെയും മോചിപ്പിച്ചു
ഗാസ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായുള്ള ഒന്നാംഘട്ടത്തിലെ നാലാമത്തെ ബന്ദിമോചനം പൂർത്തിയായി. ഖാൻ യൂനിസിൽ വെച്ച് രണ്ട് ബന്ദികളെ ആദ്യം മോചിപ്പിച്ച ഹമാസ് മൂന്നാം പൗരനെ അൽപസമയം കഴിഞ്ഞാണ് മോചിപ്പിച്ചത്. 183 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
ഫ്രഞ്ച്-ഇസ്രയേൽ പൗരത്വമുള്ള ഒഫേർ കാൽഡെറോൺ, ഇസ്രയേൽ പൗരനായ യാർദെൻ ബിബാസ് എന്നിവരെയാണ് ആദ്യം ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വെച്ചായിരുന്നു ബന്ദി കൈമാറ്റം നടന്നത്. തൊട്ടടുത്ത മണിക്കൂറുകളിൽ ഗാസയിലെ തുറമുഖ നഗര പ്രദേശത്ത് വെച്ച് ഇസ്രയേൽ-അമേരിക്കൻ പൗരനായ കീത്ത് സീഗെലിൻ്റെ കൈമാറ്റവും നടന്നു. ഒഫേർ കാൽഡെറോണിൻ്റെ മോചനത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ആശ്വാസം പങ്കുവെച്ചു.
ALSO READ: മെക്സിക്കോയ്ക്കും കാനഡയ്ക്കും പുതിയ യുഎസ് തീരുവകൾ; ട്രംപിൻ്റെ താരിഫ് നയം ഇന്നു മുതൽ
അതേ സമയം ഇന്ന് മോചിപ്പിക്കപ്പെട്ട യാർദെൻ ബിബാസിൻ്റെ, ഭാര്യയുടെയും രണ്ടു കുട്ടികളുടെയും മോചനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബന്ദി മോചനത്തിൻ്റെ ഭാഗമായി ഇസ്രയേൽ 183 പലസ്തീൻ തടവുകാരെയും ഇന്ന് മോചിപ്പിച്ചു.
ഗാസ വെടിനിർത്തൽ കരാറിലെ ഒന്നാം ഘട്ടം പുരോഗമിക്കുന്നതിനിടെ റാഫ അതിർത്തിയും തുറന്നിട്ടുണ്ട്. ക്യാൻസർ, ഹൃദയ സംബന്ധ അസുഖങ്ങൾ ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും അതിർത്തി കടന്ന് ഈജിപ്തിലേക്ക് പോകാനായി ലോകാരോഗ്യ സംഘടനയും സേവനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി, 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട 18 പേരാണ് ഇതുവരെ മോചിപ്പിക്കപ്പെട്ടത്. ഇതിൽ ഉൾപ്പെട്ട അഞ്ച് തായ് പൗരന്മാരെയും ഹമാസ് മോചിപ്പിച്ചു. പകരം 583 പലസ്തീൻ തടവുകാരെയാണ് ഇതുവരെ ഇസ്രയേൽ മോചിപ്പിച്ചത്.