മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം ഉണ്ടാകുമെന്നു തന്നെയായിരുന്നു കേരളത്തിന്റെ പ്രതീക്ഷ
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും കേരളത്തിന് അവഗണന. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് വാരിക്കോരി നല്‍കിയ ബജറ്റില്‍ കേരളത്തിന് അര്‍ഹിച്ച സഹായം പോലും ലഭിച്ചില്ല. മറ്റൊന്നും ലഭിച്ചില്ലെങ്കിലും, മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം ഉണ്ടാകുമെന്നു തന്നെയായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. പുനരധിവാസ പദ്ധതികള്‍ക്കായി 2000 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരമൊരു പ്രഖ്യാപനം ഉണ്ടായില്ല. പ്രത്യേക പാക്കേജോ, പ്രഖ്യാപനമോ പോയിട്ട്, കേരളത്തിന് കാര്യമായി ഗുണം ലഭിക്കുന്ന പദ്ധതികള്‍ പോലും ഇക്കുറിയില്ല. രാജ്യത്തെ ഐഐടികളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പാലക്കാട് ഐഐടിയും ഉള്‍പ്പെടും എന്നത് മാത്രമാണ് ഏക ആശ്വാസം.
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കേരളം 24,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കൽ, കേന്ദ്ര വിഹിതത്തിലെ കുറവ് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടിയുടെ പാക്കേജിനു അനുമതി തേടിയിരുന്നു. ജിഎസ്‍ഡിപിയുടെ മൂന്ന് ശതമാനമാണ് നിലവില്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി. ഊര്‍ജ മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍, കടമെടുപ്പ് പരിധി അര ശതമാനം കൂടി ഉയരു. ഇത്തരത്തില്‍ ഉപാധികളില്ലാതെ മൂന്നര ശതമാനം കടമെടുപ്പ് അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ ഒന്നും പരാമര്‍ശിക്കപ്പെട്ടില്ല.
കോവിഡിനും, സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനം പ്രത്യേക പദ്ധത തയ്യാറാക്കിയിരുന്നു. അതിനായി 3940 കോടിയാണ് ആവശ്യപ്പെട്ടത്. 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്കു പകരം പുതിയ വാഹനങ്ങൾ വാങ്ങാന്‍ 800 കോടി, കാലാവസ്ഥാ വ്യതിയാനം കാരണമുള്ള ദുരന്തങ്ങൾ നേരിടാൻ 4500 കോടി, തീരമേഖലയിലെ കടലാക്രമണവും തീരശോഷണവും നേരിടാൻ 2329 കോടി, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 1293 കോടി, വര്‍ധിക്കുന്ന മനുഷ്യ–വന്യജീവി സംഘർഷം നേരിടാന്‍ 1000 കോടിയുടെ പ്രത്യേക പാക്കേജ്, റബറിന് മിനിമം വില ഉറപ്പാക്കുന്ന പദ്ധതിക്കായി 1000 കോടി, നെല്ല് സംഭരണത്തിന് 2000 കോടി, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി 2117 കോടി എന്നിങ്ങനെയായിരുന്നു കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജുകള്‍.
കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, സിൽവർലൈന്‍ അനുമതി, റാപ്പിഡ് ട്രാൻസിറ്റ് പദ്ധതികൾ, അങ്കമാലി–ശബരി, നിലമ്പൂർ–നഞ്ചൻകോട്, തലശ്ശേരി–മൈസൂരു റെയിൽപാതകൾക്ക് അനുമതി, ഫണ്ട് എന്നിങ്ങനെ ആവശ്യങ്ങളും കേരളം ഇക്കുറി കേന്ദ്രത്തെ അറിയിച്ചിരുന്നു. അവയൊന്നും കേന്ദ്രം കണ്ടില്ല. സാമ്പത്തിക സർവേ റിപ്പോർട്ടിൽ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നത് ചൂണ്ടികാട്ടി കേരളത്തെ അഭിനന്ദിച്ച കേന്ദ്രമാണ് ബജറ്റില്‍ സംസ്ഥാനത്തെ പാടെ അവഗണിച്ചത്.