ആശാ വർക്കർമാർക്ക് കൊടുക്കാനുള്ള കേന്ദ്രവിഹിതം കേരളത്തിന് നൽകിയിട്ടുണ്ടെന്നും, ജെ.പി. നഡ്ഡ അറിയിച്ചു
ആശാ വർക്കർമാർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ. ആശാ വർക്കർമാരുടെ വേതന വർധന പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ആശാ വർക്കർമാർക്ക് കൊടുക്കാനുള്ള കേന്ദ്രവിഹിതം കേരളത്തിന് നൽകിയിട്ടുണ്ടെന്നും, ജെ.പി. നഡ്ഡ അറിയിച്ചു. ആശാ വർക്കർമാരുടെ പ്രവർത്തനം മികച്ചതാണ്. സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയിൽ മറുപടി പറഞ്ഞത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്നതിനിടെയാണ് കേന്ദമന്ത്രിയുടെ പ്രഖ്യാപനം.
ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, ഇതിൻ്റെ ഭാഗമായി ഈ മാസം 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്നും ആശാവർക്കർമാർ അറിയിച്ചു. സമരം തുടങ്ങി ഒരു മാസത്തോളമായിട്ടും സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നിയമലംഘന സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ആശാ വർക്കർമാർക്ക് ശമ്പളം നൽകാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയെന്നും കേന്ദ്രത്തിൻ്റെ വാദം. ബജറ്റിൽ പ്രഖ്യാപിച്ച 930.8 കോടി രൂപയ്ക്ക് പുറമെ കേരളത്തിന് 125 കോടി രൂപ അധികം നൽകിയെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുരേഷ് ഗോപി കണക്കുകൾ പുറത്ത് വിട്ടത്. ആശാവർക്കർമാരെ പുകഴ്ത്തിയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ പ്രതികരണം.
സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന നിര്‍ദേശം തള്ളിക്കളഞ്ഞാണ് സമരം തുടരുന്നത്. അതേസമയം ആശാ വർക്കർമാരുടെ സമരത്തിൽ കടുംപിടുത്തമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശ എന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമാണ്. അവർ ആശാ വർക്കർമാരെ വര്‍ക്കേഴ്‌സ് ആയി പോലും കാണുന്നില്ല. സ്‌കീം തുടങ്ങിയപ്പോള്‍ ഇന്‍സെന്റീവ് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.