2023 സാമ്പത്തിക വർഷത്തിൽ മാത്രം, 3.8 ടൺ രാസപദാർഥങ്ങളാണ് യുഎസ് തുറമുഖങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്
രാസലഹരി അമിത ഡോസിൽ ഉപയോഗിക്കുന്നതിനാല്‍ യുഎസില്‍ അകാല മരണങ്ങള്‍ പെരുകുന്നു. പരിശോധന കടുപ്പിച്ചിട്ടും അയഞ്ഞ വ്യാപാര നയങ്ങളാൽ കോടികള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് ദിനംപ്രതി യുഎസ്സിലെത്തുന്നത്. ലോകത്തിന്‍റെ തന്നെ രാസ ലഹരി ഉത്പാദന കേന്ദ്രമായ ചൈനയില്‍ നിന്നാണ് അതില്‍ വലിയ പങ്കും എത്തുന്നത്.
ഹെറോയിനേക്കാൾ 50 മടങ്ങ് ശക്തവും മോർഫിനേക്കാൾ നൂറിരട്ടി വീര്യവുമുള്ള സിന്തറ്റിക് ലഹരി പദാർത്ഥമാണ് ഫെൻ്റനൈൽ. ചൈന വൈറ്റ്, ചൈന ഗേള്‍, ഡ്രാഗന്‍സ് ബ്രത്ത് എന്നെല്ലാം വിളിപ്പേരുകളുള്ള ഈ മാരക രാസലഹരിയുടെ പ്രധാന ഉറവിടത്തെക്കുറിച്ചുള്ള സൂചന ആ പേരുകള്‍ തന്നെ നല്‍കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം, 75,000ത്തിന് മുകളില്‍ ആളുകളാണ് യുഎസില്‍ ഫെൻ്റനൈൽ ഓവർഡോസിനെ തുടർന്ന് മരിച്ചത്. അതിലധികവും യുവാക്കളാണെന്നാണ് കണക്ക്. ഹെറോയിന്‍, കൊക്കെയ്ന്‍ എന്നിവയേക്കാള്‍ നിർമാണ ചെലവ് കുറവുള്ള ഫെൻ്റനൈല്‍, ലഹരി കടത്തുകാരുടെ ഏറ്റവും പ്രിയപ്പെട്ട രാസലഹരിയാണ്.
യുഎസിലെ ചരക്ക് -ഇറക്കുമതി നിയമങ്ങളിലെ പഴുതുകള്‍ മുതലെടുത്ത് മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കാർട്ടലുകള്‍ അടക്കം വലിയ തോതില്‍ ഫെൻ്റനൈലിനു വേണ്ട അസംസ്കൃത രാസവസ്തുക്കള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. വേദനസംഹാരി ഇനത്തില്‍പ്പെടുന്ന ഈ രാസചേരുവകള്‍ ആർക്കും വാങ്ങാമെന്ന നിലയാണ് യുഎസിലുള്ളത്. 800 ഡോളർ വരെ വിലമതിക്കുന്ന ചരക്കുകൾക്കും -വ്യക്തിഗത പാഴ്‌സലുകള്‍ക്കും പരിശോധനകളില്ലാതെ രാജ്യത്ത് പ്രവേശിക്കാനുള്ള പഴുത് തുറന്നുകൊടുത്ത 2016ലെ ഇ കൊമേഴ്സ് വ്യാപാരനയമടക്കം ഈ കടത്ത് പ്രക്രിയയെ സുഗമമാക്കി.
Also Read: ബ്രിക്സ് സഖ്യം പാശ്ചാത്യ വിരുദ്ധമല്ല, റഷ്യ-യുക്രെയ്ൻ വിഷയത്തിൽ മോദിയുടെ ഇടപെടലുകൾക്ക് നന്ദി: പുടിൻ
2023 സാമ്പത്തിക വർഷത്തിൽ മാത്രം, 3.8 ടൺ രാസപദാർഥങ്ങളാണ് യുഎസ് തുറമുഖങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. ചൈനീസ് ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ഷീ ഇന്നിന്‍റെയും ടിമുവിന്‍റെയും പെട്ടികളിൽ നിത്യോപയോഗ സാധനങ്ങളായി വേഷംമാറി വരുന്ന ഇവ ഉപയോഗിച്ച് യുഎസ് ജനസംഖ്യയെ പലതവണ കൊല്ലാൻ ശേഷിയുള്ള അത്ര ഫെൻ്റനൈൽ ഗുളിക പ്രതിവർഷം നിർമിക്കപ്പെടുന്നു. രാസലഹരികളുടെ ഉൽപ്പാദനത്തിലും വിതരണത്തിലും കടുത്ത നിയമങ്ങള്‍ ഏർപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, ക്രിമിനല്‍ സംഘങ്ങള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കാർട്ടലുകളുമായി ചേർന്ന് ഇത് കടത്താൻ പുതിയ വഴി കണ്ടെത്തുന്നു എന്നാണ് ചൈനയുടെ വാദം. പട്ടികയിൽപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്തിയാലും ചേരുവകള്‍ മാറി പുതിയ ഫെൻ്റനൈല്‍ വകഭേദങ്ങളെത്തുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. 2012നും 2015നും ഇടയിൽ 6 പുതിയ ഫെൻ്റനൈല്‍ വകഭേദങ്ങളുണ്ടായപ്പോള്‍, 2016ൽ മാത്രം ചൈനയിൽ 63 പുതിയ വകഭേദങ്ങളാണുണ്ടായത്. 2024 ഓഗസ്റ്റിലും ചൈനയ്ക്ക് മൂന്ന് വകഭേദങ്ങളെ നിയന്ത്രിത പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവന്നു.
Also Read: ആദ്യം ഗാസയ്‌ക്കെതിരായ യുദ്ധം നിർത്തൂ, അതുവരെ ബന്ദികളെ വിട്ടയക്കില്ല: ഹമാസ്
ഫെൻ്റനൈൽ ഓവർഡോസിനെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങളുടെ അടക്കമുള്ള അപേക്ഷ പരിഗണിച്ച്, വ്യാപാര നയത്തില്‍ മാറ്റം വരുത്താനും, ചൈനീസ് ഇറക്കുമതിയുടെ 70 ശതമാനം അടക്കം, രാജ്യത്തെ 40 ശതമാനം ഇറക്കുമതികളുടേയും താരിഫ് ഇളവ് എടുത്തുമാറ്റുന്നത് പോലുള്ള നടപടികള്‍ കടുപ്പിക്കാനും യുഎസ് കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഉടനടി നടപ്പിലാവില്ല. ജനുവരിയില്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അധികാരമൊഴിയുന്നതിനാല്‍ അന്തിമ തീരുമാനം അടുത്ത സർക്കാർ നയം അനുസരിച്ചായിരിക്കും. നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.