fbwpx
യുഎസ് തെരഞ്ഞെടുപ്പ്: സ്ത്രീ പിന്തുണയിൽ ട്രംപ് പിന്നിലെന്ന് സർവേ ഫലം, കമലയെ തുണയ്ക്കുന്ന പ്രധാന ഘടകമെന്ത്?
logo

അഹല്യ മണി

Last Updated : 31 Oct, 2024 11:29 AM

ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് ലഭിച്ചേക്കാവുന്ന സ്ത്രീ വോട്ടുകൾ 67 ശതമാനവും, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് ലഭിച്ചേക്കാവുന്നത് 22 ശതമാനവുമാണ്

US ELECTION


വ്യത്യസ്തമായ ആശയങ്ങൾ തമ്മിലുള്ള പോരാട്ടം മുറുകവെ അമേരിക്കയിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കോലാഹലങ്ങൾ അവസാന ലാപ്പിലേക്ക് കുതിക്കുകയാണ്. ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്ക് പാർട്ടിയും തങ്ങളുടെ ആശയങ്ങൾ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിൻ്റെ ക്ലൈമാക്സിലേക്ക് ചുവടുവെക്കുകയാണ്. ഇഞ്ചോടിഞ്ച് മത്സരങ്ങൾ പ്രവചിക്കുന്ന തെരഞ്ഞെടുപ്പിൽ, വ്യത്യസ്ത നയങ്ങൾക്ക് വേണ്ടി നിലകൊള്ളുകയാണ് ഇരു പാർട്ടികളും. നയിക്കാൻ ആരെന്ന ചോദ്യത്തിന് മറുപടി ലഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമെ അവശേഷിക്കുന്നുള്ളൂ.

നവംബർ 5ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന കാർനെഗി സർവേയിൽ, ഇരു സ്ഥാനാർഥികൾക്കും ലഭിച്ചേക്കാവുന്ന സ്ത്രീ-പുരുഷ വോട്ട് അനുപാതത്തെ കുറിച്ച് സൂചന നൽകുന്നുണ്ട്. 5.2 ദശലക്ഷത്തോളം വരുന്ന യുഎസിലെ ഇന്ത്യൻ-അമേരിക്കൻ പൗരന്മാർക്കിടയിൽ നടത്തിയ സർവേ പ്രകാരം, ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് ലഭിച്ചേക്കാവുന്ന സ്ത്രീ വോട്ടുകൾ 67 ശതമാനവും, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് ലഭിച്ചേക്കാവുന്നത് 22 ശതമാനവുമാണ്. എന്തായിരിക്കും സ്ത്രീ വോട്ടർമാർ ഇത്രയധികം കമല ഹാരിസിനെ പിന്തുണയ്ക്കാനുള്ള കാരണം?



ALSO READ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എന്താണ് കമല ഹാരിസിൻ്റെയും ഡൊണാള്‍ഡ് ട്രംപിൻ്റെയും നയങ്ങൾ?


2024ലെ കണക്ക് പ്രകാരം, അമേരിക്കയുടെ ജനസംഖ്യയുടെ 169 മില്യൺ സ്ത്രീകളാണ്. 2020ൽ 9.30 ലക്ഷം ഗർഭച്ഛിദ്രം നടന്നതായും, 2023ൽ ഇത് 10.27 ലക്ഷമായി വർധിച്ചതായും വിസ്കോൻസൻ സ്റ്റേറ്റിലെ അബോർഷൻ പ്രൊവിഷൻ സ്റ്റഡി പറയുന്നു. യുഎസിൽ ജൂലൈ മാസത്തിൽ മാത്രം നടന്നത് 85,740 അബോർഷനുകളാണെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. ഈ കണക്ക് തന്നെയായിരിക്കാം അമേരിക്കൻ വനിതകളെ സ്വാധീനിക്കുന്ന ഘടകങ്ങളിലെ സുപ്രധാന പങ്ക് ഗർഭച്ഛിദ്രമാകാനുള്ള കാരണവും. ഡെമോക്രാറ്റുകൾക്കും സ്ത്രീകൾക്കുമിടയിലെ ഒരു ഉയർന്ന നയപ്രശ്നമായി അത് ഉയർന്നുവന്നു. അതിൻ്റെ വ്യക്തമായ തെളിവാണ് ഈ തെരഞ്ഞെടുപ്പ് കാലത്തെ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട നയപരമായ ആശങ്കയായി റാങ്കിംഗിൽ ഗർഭച്ഛിദ്രം ഇടം പിടിച്ചത്.



ഗർഭച്ഛിദ്രത്തിൽ ട്രംപിൻ്റെ നയം എങ്ങനെ?


1973ലെ അമേരിക്കൻ സുപ്രീം കോർട്ട് റോ വേഴ്സസ് വെയ്ഡ് കേസിന്റെ വിധിപ്രകാരം, ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള അവകാശം സ്ത്രീകൾക്ക് നൽകിയിരുന്നു. എന്നാൽ, ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഇല്ലാതാക്കിക്കൊണ്ടുള്ള യുഎസ് സുപ്രീം കോടതിയുടെ കഴിഞ്ഞ വർഷത്തെ വിധി 1973ലെ വിധി മറികടക്കാൻ അഞ്ച് പതിറ്റാണ്ടോളം പ്രയത്നിച്ച കൺസർവേറ്റീവുകളുടെ വിജയ നിമിഷമായിരുന്നു. റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്, ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കാൻ, 2022ൽ വോട്ട് ചെയ്ത് കോടതി ഭൂരിപക്ഷത്തിൽ ഉൾപ്പെട്ട മൂന്ന് സുപ്രീം കോടതി ജസ്റ്റിസുമാരെ നാമനിർദ്ദേശം ചെയ്തതിനെക്കുറിച്ച് ഒരിക്കൽ പറയുകയുണ്ടായി. പിന്നീടും ഗർഭച്ഛിദ്ര നിരോധനം തന്നെയാണ് തൻ്റെ നയമെന്ന് ട്രംപ് പല തവണ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് റാലികളിലും മറ്റും തൻ്റെ ആശയം ആവർത്തിച്ച ട്രംപ്, ഗർഭച്ഛിദ്രത്തെ പറ്റി ഇനി അമേരിക്കയിലെ സ്ത്രീകൾക്ക് ചിന്തിക്കേണ്ടി വരില്ലെന്ന വിചിത്ര പ്രസ്താവനയും ഉന്നയിച്ചു.

ALSO READ: കുടിയേറ്റം - അമേരിക്കൻ തെരഞ്ഞെടുപ്പിലെ 'ദി ​ഗ്രേറ്റ് ക്വസ്റ്റ്യൻ'

എന്നാൽ, 2024 സെപ്റ്റംബറിൽ, തൻ്റെ മുൻ പ്രസ്താവനകളിൽ നിന്ന് വിരുദ്ധമായി ഫെഡറൽ ഗർഭച്ഛിദ്ര നിരോധനത്തിൽ ഒപ്പുവെക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഗർഭച്ഛിദ്രം നിരോധിക്കുന്ന നിയമ നിർമാണം വീറ്റോ ചെയ്യുമോ എന്നതിനെക്കുറിച്ച് സെപ്റ്റംബറിലെ പ്രസിഡൻ്റ് ചർച്ചയ്ക്കിടെ ചോദ്യമുന്നയിച്ചപ്പോൾ ട്രംപ് മൗനം പാലിക്കുകയാണുണ്ടായത്.

ഗർഭച്ഛിദ്രത്തിൽ കമലയുടെ നയം എങ്ങനെ?


ഒരു യുഎസ് സെനറ്റർ എന്ന നിലയിൽ, ഭ്രൂണത്തിന് വ്യക്തിത്വ അവകാശങ്ങൾ നൽകുന്ന ഗർഭഛിദ്ര വിരുദ്ധ ബില്ലുകളെ കമല ഹാരിസ് എന്നും എതിർത്തിരുന്നു. 2019ൽ ഗർഭച്ഛിദ്രത്തിനുള്ള ഫെഡറൽ നിയമ അവകാശത്തിനുള്ള സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ നിയമത്തിൻ്റെ കോ-സ്‌പോൺസറായിരുന്നു കമല ഹാരിസ്. എന്നാൽ, ആ നിയമം പാസാകുകയുണ്ടായില്ല.

വൈസ് പ്രസിഡൻ്റായ കമലാ ഹാരിസ്, 2024 ഓഗസ്റ്റിൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് നോമിനി ആയതു മുതൽ, ഗർഭച്ഛിദ്ര അവകാശങ്ങളെ കുറിച്ചും, അതിന് അവർ നൽകുന്ന പിന്തുണയെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. ഗർഭഛിദ്ര നിരോധനത്തിലൂടെ അമേരിക്കയിലെ സ്ത്രീകളുടെ ജീവന് ഭീഷണിയായി ട്രംപ് മാറിയെന്ന് കമല പല തവണ തെരഞ്ഞെടുപ്പ് പ്രചരണ റാലികളിൽ ആവർത്തിച്ചു. ട്രംപ് അധികാരത്തിലെത്തിയാൽ രാജ്യത്തൊട്ടാകെ ഗർഭച്ഛിദ്ര നിരോധന നിയമം നിലവിൽ വരുമെന്ന് അവർ അമേരിക്കയിലെ സ്ത്രീകളോട് പറഞ്ഞുകൊണ്ടേയിരുന്നു. സ്ത്രീകളുടെ അവകാശം ഹനിക്കുന്ന നിലപാടിനെതിരെ കമല പോരാട്ടം നയിച്ചു. പ്രത്യുൽപാദന സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൻ്റെ വക്താവെന്ന് അവ‍ർ സ്വയം വിശേഷിപ്പിച്ചു.


ALSO READ: അമേരിക്കയിലെ കറുത്തവംശജർക്ക് പറയാനുണ്ട്, തെരഞ്ഞെടുപ്പ് ചരിത്രത്തിൻ്റെ നീണ്ട കഥ!


ഗർഭച്ഛിദ്രം മാത്രമല്ല, വിലക്കയറ്റം, നികുതി, കുടിയേറ്റം, വിദേശനയം, ആരോഗ്യ പരിരക്ഷ, ക്രമസമാധാനം, തോക്കുകള്‍, ലഹരി തുടങ്ങിയ വിഷയങ്ങളൊക്കെയും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുകയാണ്. തെരഞ്ഞെടുപ്പ് റാലികളില്‍ തങ്ങളോട് ചേർന്ന് നില്‍ക്കുന്ന വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ആശയങ്ങളെ ഒന്നുകൂടി ദൃഢമായി പറഞ്ഞുവെക്കുകയാണ് ഈ അവസാന ഘട്ടത്തിൽ സ്ഥാനാർഥികള്‍.

NATIONAL
DMK അധികാരത്തില്‍ നിന്നിറങ്ങാതെ ചെരുപ്പ് ധരിക്കില്ല, സ്വയം 6 തവണ ചാട്ടവാറടിക്കും, മുരുകനോട് പ്രാര്‍ഥിക്കും: കെ. അണ്ണാമലൈ
Also Read
user
Share This

Popular

KERALA
NATIONAL
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം