പി എസ് സി അംഗങ്ങളുടെ വേതനം വർധിപ്പിച്ചത് ആശാവർക്കർമാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വി. മുരളീധരൻ
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ. ആശാവർക്കർമാരോടുള്ള സർക്കാരിന്റെ സമീപനം നിഷേധാത്മകമാണ്. ആശാവർക്കർമാരെ ചർച്ചയ്ക്ക് പോലും മുഖ്യമന്ത്രി വിളിക്കുന്നില്ല. ഈ സന്ദർഭത്തിൽ പി എസ് സി അംഗങ്ങളുടെ വേതനം വർധിപ്പിച്ചത് ആശാവർക്കർമാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വി. മുരളീധരൻ പറഞ്ഞു.
എന്തു തുകയാണ് ഇനി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാൻ ബാക്കിയുള്ളതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണം. 24-25 വർഷത്തിൽ 913 കോടി കിട്ടേണ്ടിടത്ത് 815 കോടി കൊടുത്തു കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും കേന്ദ്രസർക്കാരിനെ പഴിചാരുന്നത് സംസ്ഥാന സർക്കാരിന്റെ പതിവ് രീതിയായി മാറിയെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തി. കേരള സർക്കാർ ആശാവർക്കർമാരോട് കാണിക്കുന്ന പ്രതികാര സമീപനം അവസാനിപ്പിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയോട് കേന്ദ്ര സർക്കാരിന് യോജിപ്പില്ലെന്നും വി. മുരളീധരൻ പറഞ്ഞു. കേരളത്തിൽ വേഗതയുള്ള ട്രെയിൻ സൗകര്യം വേണമെന്ന് മാത്രമാണ് പിയൂഷ് ഗോയൽ പറഞ്ഞതെന്നും വി. മുരളീധരൻ വ്യക്തമാക്കി. കണ്ണൂരിൽ സിപിഎം പ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ച സംഭവത്തിലും വി. മുരളീധരൻ പ്രതികരിച്ചു. കേരളത്തിന്റെ ക്രമസമാധാന നിലയുടെ പരിതാപകരമായിട്ടുള്ള അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയിൽ രണ്ട് ആവശ്യങ്ങൾ മാത്രമാണ് സർക്കാർ ഇതുവരെ അംഗീകരിച്ചത്. തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ആശാവർക്കർമാരുടെ മഹാസംഗമവും നടന്നു. വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വർക്കർമാരുടെ തീരുമാനം.