ബിനോയ് വിശ്വം നിലപാട് പറയേണ്ടത് ഇടതുമുന്നണി യോഗത്തിൽ ആണെന്നായിരുന്നു വി. ശിവന്‍കുട്ടിയുടെ പ്രതികരണം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ തൈക്കണ്ടിയിലിനെതിരായ മാസപ്പടി കേസ് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേസിനെ സംബന്ധിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമർശത്തെ വിദ്യാഭ്യാസ മന്ത്രി വിമർശിച്ചു. ബിനോയ് വിശ്വം നിലപാട് പറയേണ്ടത് ഇടതുമുന്നണി യോഗത്തിൽ ആണെന്നായിരുന്നു എന്ന് വി. ശിവന്‍കുട്ടിയുടെ പ്രതികരണം.
Also Read: രണ്ട് ജസ്റ്റിസുമാരാണോ ഭേദഗതി തീരുമാനിക്കുന്നത്? പിന്നെന്തിനാണ് പാർലമെന്‍റ്? സുപ്രീം കോടതിക്കെതിരെ കേരളാ ഗവർണർ
മാസപ്പടിക്കേസിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നറിയില്ല. ബിനോയ് വിശ്വം നിലപാട് പറയേണ്ടത് ഇടതുമുന്നണി യോഗത്തിലാണ്. ബിനോയ് വിശ്വം മുഖ്യമന്ത്രി ആയാലും ഇത് തന്നെയാകും നിലപാട്. പി എം ശ്രീ പദ്ധതിയിലും അദ്ദേഹത്തിന് വ്യത്യസ്ത അഭിപ്രായമുണ്ട്. കേന്ദ്ര സർക്കാരിന്റെ കാശായത് കൊണ്ട് വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിൽ വിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. കേരളത്തിൽ ഇടതുമുന്നണിയുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള കാര്യങ്ങൾ മാത്രമേ നടപ്പിലാക്കുവെന്നും ശിവന്‍കുട്ടി അറിയിച്ചു. സമയം നിശ്ചയിച്ചാൽ ബിനോയ് വിശ്വത്തിൻ്റെ ഓഫീസിൽ ചെന്ന് ഇത് ബോധ്യപ്പെടുത്തി കൊടുക്കാം. മന്ത്രിസഭയിൽ ഭിന്നത ഉണ്ടായിരുന്നില്ലെന്നും വിശദമായ ചർച്ച വേണമായിരുന്നു എന്നും വി ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടതില്ലല്ലോ എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതിസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് തിരുത്തിയത് പാര്‍ട്ടി തീരുമാനം മൂലമാണെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മകളുടെ കേസ് എല്‍ഡിഎഫിന്‍റെ കേസ് അല്ലെന്നാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാട്. എക്സാലോജിക്കിന്‍റെ പേരില്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സമ്മതിക്കില്ലെന്ന് ബിനോയ് വിശ്വം മുമ്പ് നിലപാട് എടുത്തിരുന്നു. അഞ്ചാം തീയതിലെ തൃശൂര്‍ കണ്‍വെന്‍ഷിലാണ് അദ്ദേഹം നിലപാട് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിച്ചുള്ള നിലപാട് സംസ്ഥാന സമിതിയില്‍ എതിര്‍പ്പിന് കാരണമായി. പാർട്ടിയില്‍ ആലോചിക്കാതെ ഈ നിലപാട് എടുത്തത് എന്തിനെന്ന് ചോദ്യങ്ങള്‍ ഉയർന്നു. സംസ്ഥാന സമിതിക്ക് ശേഷമാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം ഉണ്ടായാല്‍ മാത്രം എല്‍ഡിഎഫ് പ്രതിരോധിക്കും എന്ന പുതിയ നിലപാട് വാർത്താ സമ്മേളനത്തില്‍ ബിനോയ് വിശ്വം പ്രഖ്യാപിച്ചത്.