അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്
പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു അപകടം നടന്നത്. ആനക്കൂട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ഇവർ.
ഫെൻസിങ്ങിന് വേണ്ടി സ്ഥാപിച്ച പഴയ തൂണിന് ചുറ്റിക്കളിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. തൂൺ മറിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആനക്കൂട് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
വനവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത വീഴ്ചയാണിത്. ആനക്കൂട്ടിൽ ഉണ്ടായിരുന്ന തൂണുകൾക്ക് പത്ത് വർഷത്തോളം പഴക്കമുണ്ടായിരുന്നു. അതിന് കൃത്യമായ അറ്റകുറ്റ പണികൾ നടത്തിയിരുന്നില്ല, എന്നും കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലൊരു തൂണിൻ്റെ ആവശ്യമേ ഇല്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.