ഇനി പരസ്പരം തർക്കിച്ചും വഴക്കടിച്ചും പോകേണ്ടതില്ലെന്നും തർക്കങ്ങളും വ്യവഹാരങ്ങളും ഒഴിവാക്കണമെന്നുമായിരുന്നു കാതോലിക്കാ ബാവയുടെ പ്രസ്താവന.
പള്ളിത്തർക്ക വിഷയത്തിൽ സമാധാന ശ്രമം തള്ളാതെ യാക്കോബായ സഭ. ഓർത്തഡോക്സ് സഭയുമായി സഹോദരങ്ങളെപ്പോലെ സഹവസിക്കാൻ താൻ ആഗ്രഹിക്കുന്നതായി യാക്കോബായ സഭ പരമാധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവ പറഞ്ഞു. തർക്കങ്ങൾ ഒഴിവാക്കി മുന്നോട്ടുള്ള യാത്ര മാതൃകാപരമാക്കണം. എതിർവിഭാഗത്തിന്റെ കോടതി വ്യവഹാരം കൊണ്ട് സഭയെ തകർക്കാനാവില്ലെന്നും ബാവ പറഞ്ഞു. ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.
സുറിയാനി പാരമ്പര്യമുള്ള സഭകൾ തമ്മിൽ കൂടുതൽ സഹകരണം ഉണ്ടാവണമെന്ന് ബസേലിയസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. പരസ്പരം തർക്കിച്ചും വഴക്കടിച്ചുമല്ല പോകേണ്ടത്. ഓർത്തഡോക്സ് സഭയുമായി സഹോദരങ്ങളെ പോലെ സഹവാസിക്കാൻ താൻ ആഗ്രഹിക്കുന്നു. കഴിഞ്ഞതെല്ലാം കഴിഞ്ഞെന്ന് പറഞ്ഞ ബാവ, മുന്നോട്ടുള്ള യാത്ര മാതൃകാപരം ആക്കണമെന്നും തർക്കങ്ങളും വ്യവഹാരങ്ങളും ഒഴിവാക്കണമെന്നും പറഞ്ഞു.
പള്ളി തർക്കത്തിൽ പ്രത്യാശയുടെ രാത്രി അധികം വൈകില്ല എന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് കാതോലിക്ക ബാവ പറയുന്നു. എതിർ വിഭാഗത്തിന്റെ കോടതി വ്യവഹാരത്തിൽ യാക്കോബായ സഭയ്ക്ക് ആശങ്കയില്ല. വ്യവഹാരം കൊണ്ട് സഭയെ തകർക്കാനാവില്ല, അവയിലൂടെ ശക്തിപ്രാപിച്ച സഭയാണ് യാക്കോബായ. ഏത് രീതിയിലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ സഭ തയ്യാറാണ്. നേരായ മാർഗം ഇതല്ല എന്ന് മറുവിഭാഗത്തിന് മനസ്സിലാകട്ടെ എന്ന് പ്രാർഥിക്കുകയാണെന്നും ബാവ കൂട്ടിച്ചേർത്തു.
യുവാക്കൾക്കിടയിൽ കൂടിവരുന്ന ലഹരി ഉപഭോഗത്തെക്കുറിച്ചും ബാവ സംസാരിച്ചു. മയക്കുമരുന്നും രാസലഹരിയും സുലഭമായി വരുന്ന കാലമാണ്. ഇടവക സംഘങ്ങളുടെ നേതൃത്വത്തിൽ യുവാക്കൾക്കായി ബോധവത്ക്കരണ പരിപാടികൾ നടത്തും. ലഹരിയിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കാനുള്ള കർമപദ്ധതികൾ നടപ്പാക്കുമെന്നും ബാവ പറഞ്ഞു.