ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ താത്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് നിയമം എന്നും കാസ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയില്‍. നിയമത്തിനെതിരെ ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ച് നിര്‍ണായകമാണ്. വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീം കോടതിയില്‍ തുറന്നു കാണിക്കാന്‍ തയ്യാറാണെന്നും കാസ അറിയിച്ചു. കേരളത്തില്‍ നിന്നും വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടന കൂടിയാണ് കാസ.
ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ താത്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് നിയമം എന്നും കാസ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. മുനമ്പം നിവാസികളെ സംബന്ധിച്ച് ഈ നിയമം വളരെ പ്രധാനപ്പെട്ടതാണ്. മുനമ്പം നിവാസികളുടെ കിടപ്പാടം ഉറപ്പാക്കുന്നത് ഈ നിയമമാണ് എന്നും കാസ പറയുന്നു.
മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീര്‍ത്ത് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ഈ ശ്രമത്തെ തടഞ്ഞ് ഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും കാസ പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
അതേസമയം കേന്ദ്ര സര്‍ക്കാരിന് മറുപടി പറയാന്‍ ഒരാഴ്ച സമയവും നല്‍കിയിരുന്നു. 73 ഹര്‍ജികളാണ് ഇതുവരെ കോടതിക്ക് മുമ്പിലെത്തിയത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പ്രധാനപ്പെട്ട അഞ്ച് ഹര്‍ജികള്‍ മാത്രമായിരിക്കും പരിഗണിക്കുകയെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.