ജബല്‍പൂരും മണിപ്പൂരും ഒക്കെ സംഭവിക്കുന്നത് ഇതാണ്. ഒരു കുരിശിന്റെ യാത്ര നടത്താന്‍ സാധിക്കാത്ത എത്രയോ നഗരങ്ങള്‍ ഇന്ത്യയിലുണ്ട്
ദുഃഖവെള്ളി ദിനത്തില്‍ ബിജെപിക്കെതിരെ പരസ്യ വിമര്‍ശനവുമായി തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന നല്‍കുന്ന ഉറപ്പായിട്ടും സ്വന്തം മതത്തില്‍ വിശ്വസിച്ചതിന് ആക്രമിക്കപ്പെടുന്നുവെന്ന് പാംപ്ലാനി പ്രതികരിച്ചു. ജബല്‍പൂരും മണിപ്പൂരുമടക്കം സംഭവിക്കുന്നത് ഇതാണെന്നും പാംപ്ലാനി പറഞ്ഞു.
'മതേതരത്വം ഭരണഘടന രാജ്യത്തിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പാണ്. എന്നിട്ടും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ജബല്‍പൂരും മണിപ്പൂരും ഒക്കെ സംഭവിക്കുന്നത് ഇതാണ്. ഒരു കുരിശിന്റെ യാത്ര നടത്താന്‍ സാധിക്കാത്ത എത്രയോ നഗരങ്ങള്‍ ഇന്ത്യയിലുണ്ട്,' ജോസഫ് പാംപ്ലാനി പറഞ്ഞു.
മതവും രാഷ്ട്രീയവും അനാവശ്യ സഖ്യം ചേരുമ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും ബിഷപ്പ് പറഞ്ഞു.
കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മുനമ്പം പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്നാണ് വര്‍ഗീസ് ചക്കാലക്കല്‍ പ്രതികരിച്ചത്. പ്രശ്‌നം പരിഹരിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുകയേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം പ്രശ്‌നം കോടതിയില്‍ പോയി പരിഹരിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കേരളത്തിലെത്തി പറഞ്ഞതോടെയാണ് ബിഷപ്പുമാരുടെ നിലപാടിലെ മാറ്റം പ്രകടമായത്. മുനമ്പം വിഷയമുയര്‍ത്തി ക്രൈസ്തവ സഭകള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപി നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിന് സഭയില്‍ നിന്ന് തന്നെ പിന്തുണയും ലഭിച്ചു. എന്നാല്‍ വിഷയം വേഗത്തില്‍ പരിഹരിക്കില്ലെന്ന് വന്നതോടെയാണ് നിലപാട് മാറ്റം.