പാലക്കുന്ന് ഗ്രീൻ വുഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്
കണ്ണൂർ സർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ആറാം സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നത്. പാലക്കുന്ന് ഗ്രീൻ വുഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. മെയിൽ വഴി അയച്ച ചോദ്യപേപ്പർ അധ്യാപിക ചോർത്തുകയും, പരീക്ഷക്ക് രണ്ടര മണിക്കൂർ മുൻപ് വിദ്യാർഥികൾക്ക് അയച്ചു നൽകുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സർവകലാശാല പരീക്ഷ വിഭാഗം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയുടെ നേതൃത്വത്തിലുള്ള അന്വേഷണവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ALSO READ: കോൺക്രീറ്റ് തൂൺ ഇളകിവീണു; കോന്നിയിൽ നാലു വയസുകാരൻ മരിച്ചു
സർവകലാശാലയുടെ എക്സാം സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എക്സാമിനെത്തിയ കുട്ടിയിൽ നിന്ന് ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതിയ പേപ്പർ കണ്ടെത്തുകയായിരുന്നു. കുട്ടിയോട് കാര്യങ്ങൾ തിരക്കിയതിൽ പിന്നാലെയാണ് അധ്യാപിക ചോദ്യപേപ്പർ ചോർത്തി നൽകിയ വിവരം വെളിപ്പെടുത്തിയത്.
ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ പ്രിൻസിപ്പാളിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കെഎസ്‌യു കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ ആവശ്യപ്പെട്ടു. പാലക്കുന്ന് ഗ്രീൻ വുഡ് ആർട്സ് & സയൻസ് കോളേജിൻ്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും, മുൻപും ഇത്തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. ഇത്തരം സംഭവത്തിൽ വിഡ്ഢികളാക്കപ്പെടുന്നത് സാധാരണക്കാരായ നിരവധി വിദ്യാർഥികളാണെന്നും എന്നും ജവാദ് പറഞ്ഞു.