സർക്കാരിനെതിരെ ഏത് രീതിയിൽ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു
സിപിഎമ്മിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎമ്മിൽ നിൽക്കുമ്പോൾ ഏത് തെറ്റായ കാര്യങ്ങൾക്കും സംരക്ഷണം നൽകുന്ന സർക്കാർ, അവർ പാർട്ടി വിട്ടാൽ ഉടനടി നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഇതെന്ത് കാട്ടുനീതിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. കക്കാടംപൊയിലിൽ അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി. ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.
ALSO READ: സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു: പിണറായി വിജയൻ
അൻവർ ഉന്നയിച്ച ആരോപണങ്ങൾ പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചതാണ്. ഇപ്പോൾ ഭരണകക്ഷി എംഎൽഎ തന്നെ ആരോപണം ഉന്നയിച്ചെത്തിയതോടെ ഇക്കാര്യങ്ങൾക്ക് കൂടുതൽ വിശ്വാസ്യത വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും അവരാണ് പൊലീസ് സേനയെ നിയന്ത്രിക്കുന്നതെന്നുമുള്ള വിഷയം തങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നു. സിപിഎമ്മിന് ആർഎസ്എസിനോടുള്ള ബന്ധവും നേരത്തെ പറഞ്ഞതാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിലാണ് പ്രതിപക്ഷമെന്നും വി.ഡി സതീശൻ പറഞ്ഞു.
സർക്കാരിനെതിരെ ഏത് രീതിയിൽ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ തനിക്ക് ഒറ്റക്ക് മറുപടി പറയാനാകില്ല. അൻവറിൻ്റെ യോഗത്തിൽ പലരും പങ്കെടുത്തിട്ടുണ്ടാകും. അതൊന്നും പ്രശ്നമാക്കുന്നില്ല. ഭരണകക്ഷിയിലെ മാറ്റങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയും ഗൗരവമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.