കണ്ണൂർ മാടപ്പീടികയിലെ രജീഷിനാണ് അപൂർവ്വമായ ബാക്റ്റീരിയ ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് കൈപ്പത്തി നഷ്ടമായത്
കുളം വ്യത്തിയാക്കുന്നതിനിടയിൽ മീൻ കുത്തിയ കർഷകന്റെ കൈപ്പത്തി മുറിച്ച് മാറ്റി. കണ്ണൂർ മാടപ്പീടികയിലെ രജീഷിനാണ് അപൂർവ്വമായ ബാക്റ്റീരിയ ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് കൈപ്പത്തി നഷ്ടമായത്. മീൻ കുത്തിയ മുറിവിലൂടെ അപകടകാരിയായ ബാക്റ്റീരിയ ശരീരത്തിൽ കയറുകയായിരുന്നു.
കഴിഞ്ഞ മാസം 9 നാണ് പച്ചക്കറി കൃഷി ചെയ്യുന്നതിനായി വയലിലെ ചെറിയ കുളം രജീഷും സുഹൃത്തുക്കളും ചേർന്ന് വൃത്തിയാക്കുന്നത്. ഇതിനിടയിൽ കുളത്തിനകത്ത് ഉണ്ടായിരുന്ന കടു എന്നറിയപ്പെടുന്ന മീൻ രജീഷിന്റെ കയ്യിൽ കുത്തി. വൈകുന്നേരത്തോടെ കയ്യിൽ വേദനയും നീരും വന്നു തുടങ്ങി. ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സയും തേടി. എന്നാൽ ദിവസം കഴിയുന്തോറും അവസ്ഥ മോശമായി തുടങ്ങി.
ALSO READ: കോഴിക്കോട് മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗ്യാസ് ഗാൻഗ്രീൻ എന്ന രോഗാവസ്ഥ ആണെന്നും കോശങ്ങൾ നശിച്ചു തുടങ്ങിയതെന്നും മനസിലായത്. ക്ലോസ്ട്രിഡിയം പെർഫ്രിൻജെസ് എന്ന ബാക്റ്റീരിയയാണ് രോഗവസ്ഥക്ക് കാരണം. മലിനജലത്തിൽ കാണപ്പെടുന്ന ബാക്റ്റീരിയ ആണിത്.
സ്പിന്നിംഗ് മിൽ ജീവനക്കാരനായിരുന്ന രജീഷ് മിൽ അടച്ചുപൂട്ടിയതോടെയാണ് കൃഷിയിലേക്ക് കടന്നത്. അഞ്ച് പശുക്കളെ വളർത്തി ലഭിക്കുന്ന പാൽ വിറ്റായിരുന്നു ഉപജീവനം. വലത് കൈപ്പത്തി നഷ്ടമായ സ്ഥിതിക്ക് ഇനിയെന്തെന്നാണ് ഈ യുവാവിന്റെ ആശങ്ക.
അപൂർവ്വമായി മാത്രമാണ് ഇത്തരം കേസുകൾ ഉണ്ടാകുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്. വരുമാനം മുടങ്ങിയതിനൊപ്പം തുടർ ചികിത്സാ ചിലവും ഈ കുടുംബത്തിന് മുന്നിൽ ചോദ്യചിഹ്നമാണ്. സർക്കാർ തലത്തിൽ എന്തെങ്കിലും സഹായം കിട്ടിയാൽ ആശ്വാസമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.