'V6 News Telugu' എന്ന തെലുങ്ക് ചാനലിൻ്റെ യൂട്യൂബ് പേജിലാണ് ഈ രസികൻ അഭിമുഖം പ്രത്യക്ഷപ്പെട്ടത്.
'എംപുരാൻ' സിനിമയുടെ പ്രമോഷനായി കർണാടകയിൽ എത്തിയ മലയാളത്തിൻ്റെ താര രാജാക്കന്മാരെ സൈഡാക്കി ഷോയുടെ ശ്രദ്ധാകേന്ദ്രമായി ഒരു തെലുങ്ക് അവതാരിക. തീൻമാർ ചന്ദ്രവ എന്ന പേരിൽ പ്രശസ്തയായ ദീവി സുജാതയുടെ അഭിമുഖമാണ് മലയാളികൾക്കിടയിൽ ഇതിനോടകം തരംഗമായിരിക്കുന്നത്. 'V6 News Telugu' എന്ന തെലുങ്ക് ചാനലിൻ്റെ യൂട്യൂബ് പേജിലാണ് ഈ രസികൻ അഭിമുഖം പ്രത്യക്ഷപ്പെട്ടത്.
'തീൻമാർ ചന്ദ്രവ' എന്ന പേരിൽ പ്രശസ്തയായ ദീവി സുജാതയാണ് മലയാളി താരങ്ങളെ നിർത്തിപ്പൊരിക്കുന്നത്. തനി നാട്ടിൻപുറത്തുകാരിയുടെ ശൈലിയിൽ ഇവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ മോഹൻലാലും പൃഥ്വിരാജും എന്തു പറയണമെന്ന് പോലുമറിയാതെ അന്തംവിട്ടിരിക്കുന്നതും കാണാം. തെലുങ്കിലാണ് ചോദ്യങ്ങൾ അധികവും. ഇടയ്ക്ക് ഇംഗ്ലീഷ് കലർത്തിയുള്ള ചോദ്യങ്ങളും ദീവി സുജാത ചോദിക്കുന്നുണ്ട്.
ദീവി സുജാതയുടെ അസാധാരണമായ കോൺഫിഡൻസിനും ചിലർ കയ്യടിക്കുന്നുണ്ട്. മോഹൻലാലിനേയും പൃഥ്വിരാജിനേയും പോലുള്ള മഹാരഥന്മാർക്ക് മുന്നിൽ തന്നാലാവും വിധം ഷോ അവതരിപ്പിക്കാൻ അവർ കാണിക്കുന്ന സിംപ്ലിസിറ്റിക്കാണ് ഒരു വിഭാഗം മലയാളികൾ കയ്യടിക്കുന്നത്. തെലുങ്കിൽ ഏറെ പ്രശസ്തയാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ.
നർത്തകിയും തിയേറ്റർ ആർട്സിൽ പിച്ച്എഡി ഹോൾഡറുമായ ദീവിയുടെ തെലുങ്കിലുള്ള സിനിമാ പ്രമോഷൻ അഭിമുഖങ്ങൾക്ക് ഏറെ ആരാധകരാണുള്ളത്. അവതാരകയുടെ സംഭാഷണ രീതികളെ പരിഹസിക്കുന്ന ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. അവതരണം കണ്ട് പകച്ചിരിക്കുന്ന മോഹൻലാലിൻ്റേയും പൃഥ്വിരാജിൻ്റേയും പ്രതികരണങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. നിരവധി ട്രോൾ വീഡിയോകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പലരും റീ ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്.
തെലുങ്കിലുള്ള ഈ ഇൻ്റർവ്യൂ വീഡിയോയ്ക്ക് താഴെ മലയാളി ആരാധകരുടെ പൊങ്കാല തന്നെയാണ് നടക്കുന്നത്. പൃഥിയുടേയും മോഹൻലാലിൻ്റെ ആത്മഗതം പോലെ നിരവധി രസികൻ കമൻ്റുകളാണ് വീഡിയോ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.
"ഈ അടുത്ത കാലത്ത് ഒന്നും ഒന്നും മനസ്സിലാവാതെ ഇത്ര ചിരിച്ച ഇന്റർവ്യൂ ഇല്ല🤣🤣🤣🤣" എന്നായിരുന്നു ഒരാളുടെ കമൻ്റ്.
"ലെ പൃഥ്വി: ഇറങ്ങി ഓടിയാലോ..."
"ലാലേട്ടൻ: നിക്ക് എവിടം വരെ പോകുവെന്നു നോക്കട്ടെ"
"ലെ പൃഥ്വിരാജ്" സിനിമ എടുക്കാൻ ഉണ്ടായിട്ടില്ല ഇത്രയും കഷ്ടപ്പാട്.. 🤣🤣"
"ലാലേട്ടൻ: ഡേയ് രാജു... ഇത് എവിടെ ആടാ വിളിച്ചോണ്ട് വന്നിരിക്കുന്നത്😂"
"ലെ രാജു: എനിക്കെന്തിൻ്റെ കേടായിരുന്നു"
"ധൈര്യമുണ്ടെങ്കില്‍ പൃഥ്വിയോട് ഇംഗ്ലിഷിൽ ചോദിക്ക്"
.
.
.
.
എന്നിങ്ങനെ പോകുന്നു രസികൻ കമൻ്റുകൾ...
സാറിന്റെ മുടിക്ക് നല്ല കറുപ്പ് നിറമുണ്ടല്ലോ... എന്താണ് മുടിയുടെ കരുത്തിന്റെ രഹസ്യമെന്ന് ദീവി സുജാത ചോദിക്കുമ്പോൾ "മയിലെണ്ണയാണ്" എന്നാണ് ചിരിച്ചുകൊണ്ടുള്ള മോഹൻലാലിൻ്റെ തഗ്ഗ് മറുപടി. സാധാരണ അഭിമുഖങ്ങളിൽ കസറാറുള്ള പൃഥ്വിരാജ് കിളിപോയി ഇരിക്കുന്ന കാഴ്ചയും ഈ അഭിമുഖത്തിൽ കാണാം. ദീവി സുജാതയുടെ അരയും മുറിയുമായുള്ള ഇംഗ്ലീഷ് ചോദ്യങ്ങൾക്ക് സാക്ഷാൽ പൃഥ്വിരാജ് പോലും പതറിയെന്നും ട്രോളന്മാർ കളിയാക്കുന്നുണ്ട്.