അത്രകണ്ട് ആത്മാര്‍ഥതയുള്ള അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഷാജഹാന്‍ എന്നും ജ്യോതിഷ് പറയുന്നു.
കേരളം ഏറെ ചര്‍ച്ച ചെയ്ത ഷാരോണ്‍ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് വിധി വന്നത്. കൊലപാതകമാണെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചതുമുതല്‍ പ്രതിയും ഷാരോണിന്റെ സുഹൃത്തുമായിരുന്ന ഗ്രീഷ്മയിലേക്ക് അന്വേഷണം നീണ്ടു. ഒന്നാം പ്രതിയാ ഗ്രീഷ്മയും മൂന്നാം പ്രതിയായ നിര്‍മല്‍ കുമാറും പ്രതികളാണെന്ന് കോടതി കണ്ടെത്തി. കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
കേസ് അന്വേഷണത്തില്‍ നിര്‍ണായക ചുമതല വഹിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. എസ്.ഐ ഷാജഹാനെക്കുറിച്ച് സുഹൃത്തും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ സെക്രട്ടറി ജ്യോതിഷ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
ഷാരോണ്‍ വധക്കേസില്‍ ഒരാളുടെ പേര് മാത്രം പറയാതെ പോകുന്നത് ശരിയല്ല എന്നതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അത്രകണ്ട് ആത്മാര്‍ഥതയുള്ള അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഷാജഹാന്‍ എന്നും ജ്യോതിഷ് പറയുന്നു.
ഈ കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായ ചുമതല വഹിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍. അദ്ദേഹം അന്വേഷണത്തില്‍ പങ്ക് വഹിച്ചിരുന്ന നിരവധി പ്രമാദമായതും അല്ലാതെയുമുള്ള കേസുകളില്‍ ശിക്ഷ ലഭിക്കാതെ പോകുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രമായിരുന്നു എന്ന് കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരും. അത്രകണ്ട് ആത്മാര്‍ഥതയുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍. എ്‌നാല്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ഒരു പുരസ്‌കാരത്തിന്റെയും തിളക്കം അദ്ദേഹത്തിനുണ്ടായില്ല. അത് നല്‍കാത്തതുകൊണ്ടല്ല, ആഗ്രഹിക്കാത്തതുകൊണ്ടാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു കേസിന്റെ വിധി വരുമ്പോള്‍,
ശരിയായ ശിക്ഷ ലഭിക്കുമ്പോള്‍,
ഓര്‍ക്കേണ്ട ചിലരുണ്ട്.
കേസ് അന്വേഷണത്തില്‍ തിരശ്ശീലയ്ക്ക് പുറകെ നിരവധിപേരുണ്ടാകും. ലൈംലൈറ്റുകളില്‍ തെളിഞ്ഞു നില്‍ക്കാത്തവര്‍.
ഷാരോണ്‍ വധക്കേസിലും അങ്ങനെ നിരവധിപേരുണ്ട് ചെറുതും, വലുതുമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍.
അതില്‍ ഒരാളുടെ പേര് പറയാതെ പോകുന്നത് ശരിയല്ല എന്നതുകൊണ്ട് മാത്രം പറയുന്നു. ഷാജഹാന്‍ സാര്‍. ഈ കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായ ചുമതല വഹിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍. അദ്ദേഹം അന്വേഷണത്തില്‍ പങ്ക് വഹിച്ചിരുന്ന നിരവധി പ്രമാദമായതും അല്ലാതെയുമുള്ള കേസുകളില്‍ ശിക്ഷ ലഭിക്കാതെ പോകുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രമായിരുന്നു എന്ന് കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരും. അത്രകണ്ട് ആത്മാര്‍ഥതയുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍.
സര്‍വ്വീസില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ഒരു പുരസ്‌കാരങ്ങളുടെയും തിളക്കം അദ്ദേഹത്തിനുണ്ടായില്ല. നല്‍കാത്തതല്ല, ആഗ്രഹിക്കാത്തതു കൊണ്ട് മാത്രം.
ഈ വിധിയിലെ നീതിയില്‍ വിസ്മരിക്കാത്ത പങ്ക് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിനും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കും, മുന്നണിയിലും, പിന്നണിയിലും പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങള്‍.