2022 മുതൽ ആരംഭിച്ച ദീർഘദൂര അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതെന്നാണ് പഠനം സൂചിപ്പിക്കുന്നത്
റഷ്യയുടെ സൈന്യത്തിൽ പോരാടുന്ന 70,000ത്തിലധികം സൈനികർ അടുത്തിടെ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യുക്രെയ്നിൽ 2022 മുതൽ ആരംഭിച്ച ദീർഘദൂര അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് കൊല്ലപ്പെടുന്ന റഷ്യൻ സൈനികരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
നിരന്തരം നടക്കുന്ന യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ പേരു വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കൃത്യമായി നൽകാറുണ്ട്. ഇതൊക്കെ അടിസ്ഥാനമാക്കിയാണ് ബിബിസി ഇപ്പോൾ വിവരങ്ങൾ പുറത്തുവിട്ടത്. ഔദ്യോഗിക രേഖകൾ ശേഖരിച്ചും സ്വതന്ത്ര മാധ്യമമായ മീഡിയ സോണിൻ്റെ സഹകരണം കൂടി ഉപയോഗിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം മാത്രമല്ല, പേരു വിവരങ്ങൾ സഹിതമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
പ്രതിരോധ മന്ത്രാലയം കൊല്ലപ്പെട്ടവർക്ക് ആദരസൂചകമായി നൽകുന്ന പതാകകളും റീത്തുകളും വരെ, ഈ പട്ടിക പൂർത്തിയാക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നതായും ബിബിസി പറഞ്ഞു. നിലവിൽ 70,112 റഷ്യക്കാരുടെ പേരു വിവരങ്ങളാണ് പുറത്തുവിട്ടത്. ശരിയായി കണക്കെടുത്താൽ അതിലും കൂടുതൽ വരുമെന്നും ബിബിസ് റിപ്പോർട്ട് ചെയ്തു.
ചില കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ നൽകാൻ തയ്യാറായില്ലെന്നും റിപ്പോർട്ടുണ്ട്. റഷ്യൻ അതോറിറ്റിയാണ് പ്രധാന സ്രോതസ്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആഴ്ച തോറും മരിക്കുന്നവരുടെ എണ്ണം 100ൽ താഴെയായിട്ടില്ല. ചില ആഴ്ചകളിൽ ഇത് 310 വരെ ആയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെടുന്ന സൈനികരിൽ ഭൂരിഭാഗവും 42നും 50നും ഇടയിൽ പ്രായമുള്ളവരാണ്. ആകെ 13,000ലധികം പേർ സൈനിക സേവനമനുഷ്ഠിക്കുന്നുണ്ട്.
ALSO READ: എന്തുകൊണ്ട് മൗനം? ഹേമ കമ്മിറ്റിയില്‍ വാ തുറക്കാത്ത ഇന്ത്യയിലെ സൂപ്പര്‍താരങ്ങളെ പരാമര്‍ശിച്ച് ബിബിസി
60 വയസിന് മുകളിലുള്ള 250 സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഒരു ദിവസം തന്നെ നൂറിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 272 പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. അവരിൽ പലരം മധ്യേഷയിൽ നിന്നുള്ളവരാണ്. 47 പേർ ഉസ്ബക്കിസ്ഥാനിൽ നിന്നുള്ളവരും, 51 പേർ താജിസ്ഥാനിൽ നിന്നുള്ളവരും, 26 പേർ കിർഗിസ്ഥാനിൽ നിന്നുള്ളവരുമാണ്.
ക്യൂബ, ഇറാഖ്, യെമൻ, സെർബിയ എന്നിവിടങ്ങളിൽ നിന്നും റഷ്യ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യയിൽ താമസിക്കുന്ന വിദേശികളോട് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും, യുദ്ധത്തിൽ അതിജീവിച്ചാൽ അവർക്ക് ലളിത മാർഗത്തിലൂടെ പൗരത്വം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.