കേസിൽ വയനാട് ജില്ലാ സെഷൻസ് കോടതി കോണ്‍ഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു
വയനാട് ഡിസിസി ട്രഷററർ എൻ.എം. വിജയന്റെയും മകൻ്റെയും മരണത്തിൽ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിൽ നിർണായകമായ കൂടുതൽ രേഖകൾ പൊലീസിനു ലഭിച്ചുവെന്നാണ് സൂചന.
പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഡിസിസി പ്രസിഡൻറ് എൻ.ഡി അപ്പച്ചനും മുൻ ട്രഷറർ കെ.കെ. ഗോപിനാഥനും ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫിന് മുമ്പാകെ ഹാജരാകും.
കേസിൽ വയനാട് ജില്ലാ സെഷൻസ് കോടതി കോണ്‍ഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ തുടങ്ങിയവർക്കാണ് ജാമ്യം ലഭിച്ചത്. വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നു പേർക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്. എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. ഫോൺ രേഖകൾ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനു ശേഷം നേതാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു.
Also Read: ചേന്ദമംഗലം കൂട്ടക്കൊലപാതകം: പ്രതി ഋതുവിനെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുക്കും
വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് എൻ.എം. വിജയൻ്റെ ആത്മഹത്യക്കുറിപ്പിലൂടെ പുറത്തുവന്നത്. ഐ.സി. ബാലകൃഷ്ണൻ്റെ നിർദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി നൽകി. രണ്ട് ലക്ഷം രൂപ തിരികെ നൽകി, ബാക്കി അഞ്ച് ലക്ഷം രൂപ തൻ്റെ ബാധ്യതയായി. എൻ.ഡി. അപ്പച്ചൻ വാങ്ങിയ പത്ത് ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടി വന്നു. അത് കോടതിയിൽ കേസായി. ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വിഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽ നിന്ന് വാങ്ങി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിൻ്റെ ബാധ്യതയായി. അർബൻ ബാങ്കിലെ മകൻ്റെ താൽക്കാലിക ജോലി ഐ.സി. ബാലകൃഷ്ണൻ ഇടപെട്ട് കളഞ്ഞുവെന്നുമാണ് വിജയൻ്റെ കത്തുകളിലെ ആരോപണം.
Also Read: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിയമസഭയിൽ നന്ദിപ്രമേയ ചർച്ച ഇന്ന് തുടങ്ങും
വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.