കാനഡയ്ക്ക് മേൽ അമേരിക്ക ചുമത്തിയ തീരുവകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനർനിർമിക്കുമെന്ന സൂചന മാർക്ക് കാർണി നൽകിയത്
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ രാജ്യമെടുക്കുന്ന നിലപാടെന്തായിരിക്കുമെന്ന ആകാംഷയിലാണ് ലോകം. ഇന്ത്യയുമായുള്ള വ്യാപരബന്ധം പുനർനിർമിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി.
കാനഡയ്ക്ക് മേൽ അമേരിക്ക ചുമത്തിയ തീരുവകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനർനിർമിക്കുമെന്ന സൂചന മാർക്ക് കാർണി നൽകിയത്. "സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള നമ്മുടെ വ്യാപാര ബന്ധം വൈവിധ്യവത്കരിക്കുക എന്നതാണ് കാനഡ ഇനി ചെയ്യാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം പുനർനിർമിക്കാനുള്ള അവസരങ്ങൾ കാനഡ സ്വീകരിക്കും," മാർക്ക് കാർണി പറഞ്ഞു.
ALSO READ: ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്തി കാനഡ; മാർക്ക് കാർണി പുതിയ പ്രധാനമന്ത്രിയാകും
ജനുവരി വരെ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെൻ്റ് ബോർഡിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച മാർക്ക് കാർണിക്ക് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജം, സ്വകാര്യ ഇക്വിറ്റി, പ്രത്യേക നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി ഏകദേശം 30 ബില്യൺ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന മൾട്ടിനാഷണൽ കമ്പനിയാൺ് ബ്രൂക്ക്ഫീൽഡ്. കമ്പനി ഇന്ത്യയുടെ വളർച്ചയിൽ വളരെയധികം ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ടെന്ന് കമ്പനി വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കാനഡ-ഇന്ത്യ ഫൗണ്ടേഷന്റെ (സിഐഎഫ്) ചെയർമാനായ റിതേഷ് മാലിക് കാർണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു. "ഒരു പരിചയസമ്പന്നനായ സാമ്പത്തിക വിദഗ്ദ്ധനാണ് മാർക്ക് കാർണി. അദ്ദേഹത്തിന് ബ്രൂക്ക്ഫീൽഡുമായും അനുഭവപരിചയമുള്ളതിനാൽ ഇന്ത്യയുമായുള്ള ഈ ബന്ധത്തിന്റെ സാമ്പത്തിക പ്രാധാന്യം നന്നായി അറിയാം. വ്യാപാരവും വാണിജ്യവും മനസ്സിൽ വെച്ചുള്ള വിദേശനയമായിരിക്കും അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയെന്ന് ഞാൻ കരുതുന്നു," റിതേഷ് മാലിക് പറഞ്ഞു. മാർക്ക് കാർണിക്ക് കീഴിലുള്ള സർക്കാരിന് ഇന്ത്യ-കാനഡ ബന്ധങ്ങളിൽ ഒരു പുതിയ സമീപനം അവതരിപ്പിക്കാൻ കഴിയുമെന്നും, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ വളർത്തിയെടുക്കുമെന്നും റിതേഷ് മാലിക് കൂട്ടിച്ചേർത്തു.
2023 സെപ്റ്റംബർ 18-ന് ഹൗസ് ഓഫ് കോമൺസിൽ ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവനയെത്തുടർന്നാണ് ഇന്ത്യയും കാനഡയും ബന്ധം ഉലയുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഖാലിസ്ഥാൻ വാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യൻ ഏജന്റുമാരും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സംഘർഷം.
അതേസമയം ഒക്ടോബറില്‍ പാർലമെന്‍ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാസങ്ങള്‍ മാത്രമായിരിക്കും കാർണി അധികാരത്തിലുണ്ടാവുക. നിലവിലെ പ്രതിപക്ഷമായ കൺസർവേറ്റീവുകൾക്കാണ് അഭിപ്രായ വോട്ടുകളില്‍ മുന്‍തൂക്കമുള്ളത്. പാർലമെൻ്റിലോ, കാബിനറ്റ് രംഗത്തോ മുൻ പരിചയമില്ലാത്ത ആദ്യ കനേഡിയൻ പ്രധാനമന്ത്രി കൂടിയാണ് മാർക്ക് കാർണി.