2017ലും 2020 ലുമൊക്കെ കുനാൽ തന്റെ തമാശയുടെ മൂർച്ഛകൊണ്ട് തീവ്രവലതുപക്ഷത്തെ മുറിവേൽപ്പിച്ചിരുന്നു
ഹിന്ദുത്വ-തീവ്ര ദേശീയവാദികളുടെ കണ്ണിലെ കരടാണ് കുനാൽ കമ്രയെന്ന കൊമേഡിയൻ. നോട്ട് നിരോധനത്തെ പരിഹസിച്ചതിന് വധഭീഷണി നേരിട്ടയാളാണ് കാമ്ര. വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ സംവാദത്തിന് വെല്ലുവിളിച്ചതും കോളിളക്കമായിരുന്നു. ആരാണ് കുനാൽ കമ്ര? ഇതാദ്യമായല്ല ഒരു രാഷ്ട്രീയ വിവാദത്തിൽ ഈ പേര് ഇടംപിടിക്കുന്നത്. 2017ലും 2020 ലുമൊക്കെ കുനാൽ തന്റെ തമാശയുടെ മൂർച്ഛകൊണ്ട് തീവ്രവലതുപക്ഷത്തെ മുറിവേൽപ്പിച്ചിരുന്നു. അതിനൊക്കെ ഭീഷണികളും നിയമ നടപടികളും നേരിട്ടിട്ടുമുണ്ട്.
2013ലാണ് കുനാൽ സ്റ്റാൻഡ്-അപ് കോമഡി ചെയ്യാനാരംഭിക്കുന്നത്. 2017ൽ നരേന്ദ്ര മോദി സർക്കാർ നോട്ട് നിരോധിച്ചതിന് പിന്നാലെ കമ്ര ചെയ്ത 'സർക്കാരും ദേശഭക്തിയും' എന്ന സ്റ്റാൻഡ്-അപ് കോമഡി വീഡിയോ വൻ വിവാദമായി. ആ പെർഫോമൻസിന്റെ പേരിൽ കമ്രയ്ക്ക് നേരെ വധഭീഷണിയുണ്ടായി. ആ വീഡിയോയുടെ പേരിൽ, തന്നെ വാടകവീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെക്കുറിച്ച് കമ്ര എഴുതിയിരുന്നു.
2020 ജനുവരി 28 ന് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവേ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയെ സംവാദത്തിന് വെല്ലുവിളിച്ചതാണ് കമ്ര ഉൾപ്പെട്ട മറ്റൊരു വൻ വിവാദം. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ദലിത് വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയടക്കമുള്ള വിഷയങ്ങളിൽ ചാനൽ സംപ്രേഷണം ചെയ്ത കാര്യങ്ങളെ ചോദ്യം ചെയ്താണ് കമ്ര അർണബിനെ വെല്ലുവിളിച്ചത്. പിന്നാലെ ഇൻഡിഗോ കമ്രയ്ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. എയർ ഇന്ത്യയും ഇന്ത്യയിലെ പ്രമുഖ വിമാനകമ്പനികളൊക്കെയും കമ്രയെ വിലക്കി. കമ്രയ്‌ക്കെതിരായ വിലക്കിൽ പ്രതിഷേധിച്ച് ഇൻഡിഗോയെ ബഹിഷ്കരിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് അടക്കമുള്ളവരും രംഗത്തെത്തി.
Also Read: SPOTLIGHT | സിനിമയും ഔറംഗസേബും കലാപവും?
ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ തള്ളിപ്പറയാനാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന് കത്തെഴുതിയതാണ് കമ്രയെ വിവാദത്തിൽപ്പെടുത്തിയ മറ്റൊരു നടപടി. ആത്മഹത്യാ പ്രേരണക്കേസിൽ അർണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയെ വിമർശിച്ച് കമ്ര എഴുതിയ ട്വീറ്റുകളും വിവാദമായിരുന്നു. കോടതിയലക്ഷ്യ നടപടികൾ അടക്കം നേരിട്ടപ്പോഴും ക്ഷമ ചോദിക്കാൻ കുനാൽ കമ്ര കൂട്ടാക്കിയില്ല.