14 ലക്ഷം രൂപയായി നഷ്ടപരിഹാരം വർധിക്കണമെങ്കിലും, ഉയർത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ ആരോപണം
സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടും നഷ്ടപരിഹാരം ഉയർത്താതെ സർക്കാർ. വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച പത്തു ലക്ഷം രൂപയാണ് നഷ്ട പരിഹാരമായി ഇപ്പോഴും നൽകി വരുന്നത്. തുക വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടും നടപടിയുണ്ടായിട്ടില്ല.
2018 ഏപ്രിൽ അഞ്ചിന് പുറത്തിറങ്ങിയ സംസ്ഥാന വനം വകുപ്പ് ഉത്തരവ് പ്രകാരമാണ് വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷമാക്കി ഉയർത്തിയത്. എന്നാൽ 2024 മാർച്ച് ഏഴിന് വന്യജീവി ആക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഇതുപ്രകാരം 14 ലക്ഷം രൂപയായി നഷ്ടപരിഹാരം വർധിക്കണമെങ്കിലും, ഉയർത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് സ്വതന്ത്ര കർഷക സംഘടനയായ കിഫ ആരോപിച്ചു.
Also Read: 'എൻ്റെ കേരളം' കാസർഗോഡ് ജില്ലാതല പ്രദർശന-വിപണന മേളയ്ക്ക് സമാപനം
സർക്കാർ നിലവിൽ നൽകുന്ന പത്തു ലക്ഷം രൂപയിൽ, നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ വനം വകുപ്പും നൽകാനുള്ള തീരുമാനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഫലത്തിൽ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിൻ്റെ ഗുണം നഷ്ടപരിഹാരത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ, വന്യജീവി ആക്രമണങ്ങളെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത് കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.