ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ തന്നെ നിരന്തരം അപമാനിക്കുന്നെന്ന് കാണിച്ച് നടി ഹണി റോസ് ഇന്ന് വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയിരുന്നു.
നടി ഹണി റോസിന് പിന്തുണയുമായി മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമിന്‍ ഇന്‍ സിനിമ കളക്ടീവ്. നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട കുറിപ്പ് പങ്കുവെച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടിയാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചത്.
ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ തന്നെ നിരന്തരം അപമാനിക്കുന്നെന്ന് കാണിച്ച് നടി ഹണി റോസ് ഇന്ന് വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയാണ് കേസ് നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.
വീഡിയോ തെളിവുകളടക്കം നിരത്തി ഹണി റോസ് നല്‍കിയ പരാതിയില്‍, ഐടി ആക്ടും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നാല് മാസം മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ക്ഷണപ്രകാരം, ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിന് പോയിരുന്നു. ഉദ്ഘാടന പരിപാടിക്കിടെ ബോബി ചെമ്മണ്ണൂരില്‍ നിന്ന് ഉണ്ടായ അശ്ശീല പരാമര്‍ശമുണ്ടായെന്നും, പല തവണ ഇത് ആവര്‍ത്തിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് പരാതി നല്‍കിയത്. ഉദ്ഘാടന വേളയില്‍ മാല ധരിപ്പിച്ച ശേഷം, ബോബി ചെമ്മണ്ണൂര്‍ ദുരുദ്ദേശ്യപരമായി കൈകളില്‍ പിടിച്ച് കറക്കി. ശേഷം ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
പല ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും ബോബിയുടെ പരാമര്‍ശത്തിലെ അശ്ലീലം ആഘോഷിക്കപ്പെട്ടു. ബോബി ചെമ്മണ്ണൂര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ധ്വനിയുള്ള പരാമര്‍ശം നടത്തി. ബോബിയുടെ പരാമര്‍ശം പല ആളുകള്‍ക്കും അശ്ലീല അസഭ്യ കമന്റുകള്‍ ഇടാന്‍ ഊര്‍ജമായതായും ഹണി റോസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിതയിലെ എഴുപത്തിയഞ്ചാം വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമേ ഐ.ടി ആക്ടും ചുമത്തിയിട്ടുണ്ട്.
അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെ നിയമപോരാട്ടം തുടരുമെന്ന് നടി ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ബോബി ചെമ്മണൂരിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ബോബിക്കെതിരായ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി.
ബോബി ചെമ്മണ്ണൂര്‍ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കതെിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഹണി റോസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്. തന്നോട് മാത്രമല്ല നിരവധി സ്ത്രീകളോട് ബോബി ചെമ്മണ്ണൂര്‍ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ഹണിറോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഉപദ്രവിക്കരുതെന്ന് പല തവണ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഗതികെട്ടപ്പോഴാണ് പരാതി നല്‍കിയതെന്നും ഹണി റോസ് വ്യക്തമാക്കി.
ഒരു വ്യവസായി തനിക്കെതിരെ നിരന്തരമായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നതായി ആരോപിച്ചുകൊണ്ട് ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമവിദഗ്ധന്റെ നിര്‍ദേശം അനുസരിച്ചാണ് പേര് പറയാത്തതെന്നും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞുകൊണ്ട് നടി രംഗത്തെത്തിയത്.
കുറച്ചുനാളുകയായി തനിക്കും കുടുംബത്തിനുമുണ്ടായ മോശം അനുഭവം മൂലമാണ് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നിരവധി തവണ ഇക്കാര്യം വ്യക്തിയോട് സൂചിപ്പിച്ചിരുന്നു. ആദ്യ പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ ഇയാളോട് കാര്യം പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഒരാള്‍ക്കും ഇത്തരം അവസ്ഥയിലൂടെ കടന്നു പോകേണ്ട ആവശ്യമില്ലെന്നും എന്ത് തോന്നിവാസവും വിളിച്ചുപറയാമെന്ന ചിന്ത ആര്‍ക്കുമുണ്ടാവരുതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.