ഓവൽ ഓഫീസിലെ വസ്ത്രധാരണ രീതിയെ ബഹുമാനിക്കാത്തതിൽ നിരവധി അമേരിക്കക്കാർക്ക് പ്രശ്നമുണ്ട്
അപൂർവ ധാതുക്കളുടെ കരാറിൽ ഒപ്പുവെക്കാൻ എത്തിയപ്പോൾ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകന് മറുപടിയുമായി യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലന്‍സ്കി. രാജ്യത്തിന്റെ പരമോന്നത ഓഫീസിലെ മീറ്റിങ്ങിൽ എന്തുകൊണ്ടാണ് സ്യൂട്ട് ധരിക്കാത്തതെന്നായിരുന്നു ചോദ്യം. തീവ്ര വലതുപക്ഷ യുഎസ് വാർത്താ ചാനലായ റിയൽ അമേരിക്കാസ് വോയിസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റാണ് ചോദ്യം ചോദിച്ചത്.
ഓവൽ ഓഫീസിലെ വസ്ത്രധാരണ രീതിയെ ബഹുമാനിക്കാത്തതിൽ നിരവധി അമേരിക്കക്കാർക്ക് പ്രശ്നമുണ്ട്. നിങ്ങള്‍ക്ക് സ്യൂട്ട് ഉണ്ടോയെന്നുമാണ് മാധ്യമ പ്രവർത്തകൻ ചോദിച്ചത്. എന്നാൽ തൻ്റെ വസ്ത്രധാരണത്തിൽ താങ്കള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിച്ചതിനു ശേഷം സ്യൂട്ട് ധരിക്കുമെന്നും സെലൻസ്കി വ്യക്തമാക്കി.
"2022 ൽ ആരംഭിച്ച ഈ യുദ്ധം അവസാനിച്ചാൽ ഞാൻ സ്യൂട്ട് ധരിക്കും. ചിലപ്പോൾ നിങ്ങള്‍ ധരിച്ചിരിക്കുന്നതു പോലെയോ അല്ലെങ്കിൽ അതിനേക്കാള്‍ മികച്ചതോ, വില കുറഞ്ഞതോ ആകുമത്. നമുക്ക് കാണാം" എന്നും അദ്ദേഹം പറഞ്ഞു. സെലൻസ്‌കിയുടെ വസ്ത്രങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടതായി ട്രംപും പറഞ്ഞു. എന്നാൽ യുഎസിനോട് ബഹുമാനമില്ലാത്തതിന്റെ പ്രതിഫലനമാണ് സെലന്‍സ്‌കിയുടെ വസ്ത്രധാരണം എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ എക്‌സിൽ പങ്കുവെച്ച കുറിപ്പിലും പറഞ്ഞത്.
വൈറ്റ് ഹൗസിൽ നടന്ന സംഭവബഹുലമായ ചർച്ചയിൽ യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലന്‍സ്കിക്ക് യൂറോപ്യൻ നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക്, ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ നേതാക്കളാണ് സെലൻസ്‌കിയെയും യുക്രെയ്നെയും പിന്തുണച്ചെത്തിയത്. തുടക്കം മുതൽ പോരാടുന്നവരോട് ബഹുമാനമാണെന്നും. കാരണം അവർ തങ്ങളുടെ അന്തസിനും സ്വാതന്ത്ര്യത്തിനും കുട്ടികൾക്കും യൂറോപ്പിന്റെ സുരക്ഷയ്ക്കും വേണ്ടിയാണ് പോരാടുന്നതെന്നാണ് മാക്രോൺ പറഞ്ഞത്.
അതേസമയം, യുക്രെയ്നെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഒരു ചർച്ചയായിരുന്നു ഇത്. ഇതോടെ തുലാസിലായത് സൗദിയിൽവെച്ച് യുഎസും റഷ്യയും ചേർന്ന് പ്രഖ്യാപിച്ച യുക്രെയ്ൻ സമാധാനശ്രമങ്ങളുടെ ഭാവിയാണ്.