സൂര്യൻ്റെ ദക്ഷിണായന കാലത്ത് ഒരുദിവസവും ഉത്തരായന കാലത്ത് ഒരു ദിവസവുമായാണ് ഇത് സംഭവിക്കുക
സൂര്യൻ ദിവസവും കിഴക്കുദിക്കും, പടിഞ്ഞാറ് അസ്തമിക്കും. കുട്ടിക്കാലം തൊട്ടേ കേട്ടും പറഞ്ഞും പഠിച്ചിട്ടുള്ള പാഠം. സൂര്യന്‍ എന്നും ഒരു വരയിലൂടെ ഇങ്ങനെ സഞ്ചരിക്കുകയാണെന്ന് തോന്നിപ്പോകും. പക്ഷേ, ഉദയത്തിലും അസ്തമയത്തിലും പ്രയാണത്തിലുമെല്ലാം സൂര്യന്റെ പാത മാറുന്നുണ്ടെന്ന് പറഞ്ഞാലോ? വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ? എന്നാല്‍ അതാണ് ശരി. കിഴക്കുനിന്ന് അൽപം തെക്കോട്ടോ വടക്കോട്ടോ ഒക്കെ നീങ്ങിയാണ് സൂര്യൻ ഉദിക്കാറുള്ളത്. ഇതോടെ, മറ്റൊരു ധാരണയും പൊളിയും. 12 മണിയാകുമ്പോള്‍ നട്ടുച്ചയാകുമെന്നും, അപ്പോള്‍ സൂര്യന്‍ നമ്മുടെ തലയ്ക്കുമുകളില്‍ എത്തുമെന്ന ധാരണയാണത്. യഥാര്‍ഥത്തില്‍ വര്‍ഷത്തില്‍ രണ്ടേ രണ്ടു ദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. ആ ദിവസങ്ങളിലാകട്ടെ, നമുക്ക് നമ്മുടെ നിഴലും കാണാൻ കഴിയില്ല. ഈ ദിവസങ്ങളെ നിഴലില്ലാ ദിവസങ്ങൾ (Zero Shadow Days) എന്നാണ് അറിയപ്പെടുന്നത്. നാളെ മുതല്‍ (ഏപ്രില്‍ 11) 23 വരെ ഈ അത്ഭുത പ്രതിഭാസത്തിന് കേരളം സാക്ഷിയാകും.
സൂര്യൻ്റെ ദക്ഷിണായന കാലത്ത് ഒരുദിവസവും ഉത്തരായന കാലത്ത് ഒരു ദിവസവുമായാണ് നിഴലില്ലാ ദിവസങ്ങൾ സംഭവിക്കുന്നത്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവും സൂര്യനു ചുറ്റുമുള്ള ഭ്രമണവും ചേരുമ്പോഴാണ് ഈ അത്ഭുത പ്രതിഭാസം ഉണ്ടാകുന്നത്. ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയില്‍ ഇത് സംഭവിക്കുന്നത്. എന്നാൽ എല്ലായിടത്തും അത് ഉണ്ടാകുന്നുമില്ല. ഭൂമിയിൽ +23.5 ഡിഗ്രിക്കും -23.5 ഡിഗ്രിക്കും ഇടയിൽ അക്ഷാംശം വരുന്നിടത്തുമാത്രമേ നിഴലില്ലാ ദിവസങ്ങൾ ദൃശ്യമാകു. കേരളം ഇതിൽ ഉൾപ്പെടുന്നതു കൊണ്ട് തന്നെ നമുക്കീ പ്രതിഭാസം കാണാൻ കഴിയും. അതേസമയം, ഉത്തരേന്ത്യയിൽ ഇതു ഒരിക്കലും സംഭവിക്കുന്നുമില്ല.
കേരളത്തിലെ വിവിധയിടങ്ങളിൽ ഇതിനു പറ്റിയ ദിവസവും സമയവും താഴെ പട്ടികയിൽ കാണാം. ജില്ലാ ആസ്ഥാനത്തെ സമയമാണ് കാണിച്ചിരിക്കുന്നത്. പ്രാദേശികാടിസ്ഥാനത്തില്‍ അതിന് ചെറിയ മാറ്റങ്ങള്‍ സംഭവിക്കാം. Zero Shadow Day മൊബൈല്‍ ആപ്പിലൂടെ ഓരോ പ്രദേശത്തെയും സമയം കൃത്യമായി അറിയാം.
തിരുവനന്തപുരം : 11 ഏപ്രിൽ, 12.24 PM
കൊല്ലം : 12 ഏപ്രിൽ, 12. 25 PM
പത്തനംതിട്ട : 13 ഏപ്രിൽ, 12.24 PM
ആലപ്പുഴ : 14 ഏപ്രിൽ, 12.25 PM
കോട്ടയം : 14 ഏപ്രിൽ, 12.25 PM
ഇടുക്കി : 15 ഏപ്രിൽ, 12.22 PM
എറണാകുളം : 15 ഏപ്രിൽ, 12.25 PM
തൃശൂർ : 17 ഏപ്രിൽ, 12.25 PM
പാലക്കാട് : 18 ഏപ്രിൽ, 12.23 PM
മലപ്പുറം : 18 ഏപ്രിൽ, 12.25 PM
കോഴിക്കോട് : 19 ഏപ്രിൽ, 12:26 PM
വയനാട് : 20 ഏപ്രിൽ, 12.25 PM
കണ്ണൂർ : 21 ഏപ്രിൽ, 12.27 PM
കാസര്‍ഗോഡ് : 23 ഏപ്രിൽ, 12.28 PM