രണ്ട് വർഷത്തെ കരാറിൽ ഗ്രീക്ക് സൂപ്പര്‍ ലീഗ് ക്ലബ് ഒഎഫ്‌ഐ ക്രീറ്റിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് സ്പാനിഷ് സ്ട്രൈക്കറെ കൂടാരത്തിലെത്തിച്ചത്
പുതിയ ഐഎസ്എൽ സീസണിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ സ്പാനിഷ് സ്ട്രൈക്കർ ജെസൂസ് ജിമെനസ് ടീമിനൊപ്പം ചേർന്നു. ഈ മാസം പതിനഞ്ചിന് പഞ്ചാബ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം.
രണ്ട് വർഷത്തെ കരാറിൽ ഗ്രീക്ക് സൂപ്പര്‍ ലീഗ് ക്ലബ് ഒഎഫ്‌ഐ ക്രീറ്റിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് സ്പാനിഷ് സ്ട്രൈക്കറെ കൂടാരത്തിലെത്തിച്ചത്. ടീം വിട്ട ഗ്രീക്ക് സ്ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിന് പകരക്കാരനായാണ് ജെസൂസ് എത്തുന്നത്. ഇതോടെ പുതിയ സീസണിന് മുന്നോടിയായി മുന്നേറ്റ നിരയുടെ കരുത്ത് വർധിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ക്വാമെ പെപ്ര, നോഹ സദൗയി എന്നിവർക്കൊപ്പം ജൂസസ് ജിമെനസും ബ്ലാസ്റ്റേഴ്സിനായി ആക്രമണങ്ങൾ നയിക്കാനുണ്ടാകും.
ഗോളടിക്കുന്നതിനൊപ്പം ഗോൾ അവസരങ്ങൾ ഒരുക്കുന്നതിലും മികവ് കാട്ടുന്ന താരമാണ് ജൂസസ് ജിമെനസ്. താരത്തിൻ്റെ വരവ് വലിയ പ്രതീക്ഷയോടെയാണ് ടീമും ആരാധകരും കാണുന്നത്.
കോച്ച് മിഖേൽ സ്റ്റാറെയ്ക്കൊപ്പം താരസമ്പന്നമായ ടീമുമായാണ് ബ്ലാസ്റ്റേഴ്സ് ഇപ്രാവശ്യം ഐഎസ്എല്ലിനെത്തുക. ഡ്യൂറണ്ട് കപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായ ബ്ലാസ്റ്റേഴ്സ് കന്നികിരീടമാണ് ഈ ഐഎസ്‌എല്‍ സീസണിൽ ലക്ഷ്യമിടുന്നത്.