fbwpx
മാലോകരുടെ ദുരിതങ്ങൾ അകറ്റാൻ കുഞ്ഞു ദൈവങ്ങൾ; ഉത്തരമലബാറില്‍ കുട്ടിത്തെയ്യങ്ങൾ വരവായി
logo

ലിന്റു ഗീത

Last Updated : 20 Jul, 2024 05:47 PM

മഹാഭാരതത്തിൽ നിന്നാണ് ആടിവേട സങ്കൽപ്പത്തിന്റെ പിറവി

THEYYAM

ആടിവേടൻ തെയ്യം

ഇടതടവില്ലാതെ മഴപെയ്യുന്ന കർക്കിടക മാസത്തിലെ ആധി വ്യാധികൾ അകറ്റാൻ ഉത്തരമലബാറിന്റെ കുട്ടിത്തെയ്യങ്ങൾ എത്തിത്തുടങ്ങി. കർക്കിടക മാസത്തിലെത്തുന്ന ആടിവേടൻ തെയ്യങ്ങൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മാത്രം പ്രത്യേകതയാണ്. മനുഷ്യനും പ്രകൃതിക്കും വരുന്ന കഷ്ടതകൾ മാറ്റാനും പഞ്ഞമാസത്തിലെ ദുരിതങ്ങൾ അകറ്റാനും വേണ്ടിയാണ് കുഞ്ഞു തെയ്യങ്ങൾ വീടുവീടാന്തരം കയറി ഇറങ്ങുന്നത്. കർക്കിടകത്തിലെ സംക്രാന്തി മുതൽ ഇരുപത്തിയേഴു നാൾവരെയാണ് ആടിയും വേടനും എത്തുന്നത്.

ശിവ പാർവതി സങ്കൽപ്പത്തിന്റെ ഭഗമായ ഇവ ആടിയും വേടനും എന്ന ഇരട്ട വേഷത്തിലും, ആടിവേടൻ എന്ന ഒറ്റവേഷത്തിലും എത്താറുണ്ട്. ആടി എന്നത് പാർവതി വേഷമാണ്. വേടൻ ശിവരൂപവും. ഇവ രണ്ടും ചേർന്ന ഒറ്റരൂപമായ ആടിവേടൻ എന്നത് അർദ്ധനാരീശ്വര രൂപമാണ്. കർക്കിടക മാസാരംഭത്തിലാണ് വേടൻ എത്തുക. മാസപകുതിയിൽ ആടിയും എത്തും. കുട്ടികളാണ് ഇതിൽ കോലധാരികളായെത്തുന്നത് എന്നതാണ് മറ്റു തെയ്യക്കോലങ്ങളിൽ നിന്നും ആടിവേടനെ വ്യത്യസ്തമാക്കുന്നത്.

വണ്ണാൻ സമുദായത്തിലെ കുട്ടികളും മലയ സമുദായത്തിലെ കുട്ടികളുമാണ് പരമ്പരാഗതമായി ആടിവേടൻ തെയ്യങ്ങൾ കെട്ടുന്നത്. എന്നാൽ വണ്ണാൻ സമുദായത്തിലെ കുട്ടികൾ ആടി വേഷവും മലയ സമുദായത്തിലെ കുട്ടികൾ വേടൻ വേഷവുമാണ് കെട്ടിയാടുന്നത്. കർക്കിടകത്തിന്റെ ആദ്യ പകുതിയിൽ വേടൻ തെയ്യങ്ങൾ വീടുകളിൽ സന്ദർശനം നടത്തി മടങ്ങിയതിനുശേഷം മാത്രമാണ് പാർവതി രൂപമായ ആടി തെയ്യങ്ങൾ എത്താറുള്ളത്.

ഒറ്റചെണ്ടയുടെ താളത്തിലെത്തുന്ന ആദ്യ കുഞ്ഞു തെയ്യമായ വേടനെ വീടിന്റെ ഉമ്മറത്ത് നിലവിളക്ക് തെളിച്ചാണ് സ്വീകരിക്കുക. അരിയും, പച്ചക്കറികളും, ധാന്യങ്ങളുമൊക്കെ നിലവിളക്കിനൊപ്പം വയ്ക്കുന്നതും പതിവാണ്. ചെണ്ടകൊട്ടുന്നവരുടെ ഐതീഹ്യ പാട്ടിനൊപ്പം ചുവടു വയ്ക്കുകയും പിന്നീട് തോറ്റം പാടി കരിക്കട്ടയും മഞ്ഞളും കലർത്തിയുണ്ടാക്കിയ കറുത്ത ഗുരുസി വെള്ളം തെക്കോട്ട് മറിക്കുകയും ചെയ്യും. ഇതോടെ പഞ്ഞമാസത്തിലെ ചേട്ട അകന്നുപോകുമെന്നാണ് വിശ്വാസം. ഗുരുസി മറിച്ചതോടെ വേടന് ദക്ഷിണയും, നെല്ലും, കാണിക്കകളും നൽകി യാത്രയാക്കും.

മഹാഭാരതത്തിൽ നിന്നാണ് ഈ ആടിവേട സങ്കൽപ്പത്തിന്റെ പിറവി. വനവാസക്കാലത്ത് ഉഗ്ര തപസിലായിരുന്ന അർജുനന്റെ തപസ് പരീക്ഷിക്കാനാണ് ആടിവേട രൂപമായി ശിവനും പർവതിയുമെത്തുന്നത്. ഇതേസമയത്ത് അർജുനനെ ആക്രമിക്കാൻ പന്നി രൂപം ധരിച്ചെത്തിയ മൂകനെന്ന അസുരനെ ഒരേ സമയം വേടരൂപത്തിലുള്ള ശിവനും അർജുനനും അമ്പെയ്ത് വീഴ്ത്തുകയും തുടർന്ന് അമ്പെയ്തതിന്റെ അവകാശവാദത്തെ ചൊല്ലി ഇരുവരും തർക്കത്തിലാകുകയും ചെയ്യും.

വില്ലാളി വീരനായ അർജുനന് ആടി രൂപമായ ശിവനെ എത്ര ശ്രമിച്ചിട്ടും പരാജയപ്പെടുത്താൻ കഴിയാതെ വന്നു. ഇതോടെ പരമശിവനെ പ്രീതിപ്പെടുത്താനായി അർജുനൻ പുഷ്പാർച്ചന നടത്തി തുടങ്ങി. എന്നാൽ ആ പൂക്കൾ വന്നു വീണത് ആടിയുടെ കാൽച്ചുവട്ടിലും. അതോടെ തന്റെ മുന്നിലുള്ളത് പരമശിവനാണെന്ന് മനസിലായ അർജുനൻ പരമശിവനോട് ക്ഷമ യാചിക്കുകയും പ്രീതിപ്പെട്ട ഭഗവാൻ അർജുനനെ ആശിർവദിക്കുകയും ചെയ്തു. ഇങ്ങനെ അവതരിച്ച ശിവപാർവതി രൂപമാണ് മാലോകരുടെ ജീവിതത്തിലുണ്ടാകുന്ന ദുരിതങ്ങൾ മാറ്റാനായി ആടിവേടനായി എത്തുന്നത് എന്നാണ് വിശ്വാസം.

വിശ്വാസം എന്തു തന്നെയായാലും പതിവ് തെറ്റിക്കാതെ ഈ കർക്കിടക മാസത്തിലും മഞ്ഞളിന്റെ ഗന്ധവും, ചെണ്ടയുടെ താളവുമായി വടക്കിന്റെ നാട്ടു വഴികളിലൂടെ വീടുകൾ കേറാൻ ആടിയും വേടനുമായി കുഞ്ഞു ദൈവങ്ങൾ എത്തിത്തുടങ്ങി. പഞ്ഞ മാസത്തിൽ മനുഷ്യർക്കുണ്ടാകുന്ന ആധി വ്യാധികൾ അകറ്റി അനുഗ്രഹം ചൊരിയാൻ.

ഫോട്ടോയ്ക്ക് കടപ്പാട്: അര്‍ജുന്‍ 

KERALA
വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി
Also Read
user
Share This

Popular

KERALA
CHRISTMAS
വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി