നസറുദ്ദീൻ ഷായും ശബാന ആസ്മിയും സ്മിത പാട്ടീലും കഥാപാത്രങ്ങളായി ശ്യാമിന്റെ ഫ്രെയിമുകളെ നിറച്ചു
കാലം, അധികാരഘടന, ബന്ധങ്ങളുടെ കെട്ടുപാടുകൾ. ഇതെല്ലാം ചേർത്താൽ ബെനഗൽ സിനിമകളായി. ജമീന്ദാർ വ്യവസ്ഥ, അതിനോടുള്ള കലാപം, പ്രണയം, ജാതി. ഇതിലൂടെയാണ് ശ്യാം ബെനഗൽ സെല്ലുലോയ്ഡിൽ തന്റെ കഥ പറഞ്ഞത്. ആ സിനിമകൾ സമാന്തര സിനിമ കണ്ട എക്കാലത്തേയും മികച്ച അടയാളപ്പെടുത്തലുകളായി മാറി. ആ ദൃശ്യാഖാനങ്ങൾ കണ്ട് ലോകം കയ്യടിക്കുകയും ചെയ്തു.
സിനിമ ഒരു സമൂഹ മാധ്യമമാണ്. പുതിയ കാലത്തെ സമൂഹമാധ്യമ ചിന്തയ്ക്കും എത്രയോ കാലം മുൻപേ ശ്യാം ബെനഗൽ അത് പറഞ്ഞുവെച്ചു. സോഷ്യൽ റിയലിസം എന്ന ശൈലിയെ ഫിലിമിലൂടെ അടയാളപ്പെടുത്തി ബെനഗൽ. ഇത് പറഞ്ഞത് ഇന്ത്യൻ നിരൂപകരല്ല, ലോക പ്രശസ്തരായ ചലച്ചിത്ര നിരൂപകരാണ്.
തെലങ്കാനയിലെ കർഷക പ്രക്ഷോഭവും ജാതിവ്യവസ്ഥയും തന്റെ കുട്ടിക്കാലത്തുണ്ടായ ചലനവും കലാപവും ബെനഗൽ സ്വന്തം സിനിമകളിലൂടെ വരച്ചുകാട്ടി. അങ്കൂറും നിശാന്തും മന്ഥനുമടക്കം എത്രയോ സിനിമകൾ. ബന്ധങ്ങളിലെ ഉൾച്ചുഴികളും കുടുംബത്തിലെ അധികാരഘടനയും സാമൂഹ്യ ജീവിതവുമെല്ലാം ഫ്രെയിമുകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു ബെനഗലിലൂടെ.. ഫ്രെയിമുകളുടെ സാങ്കേതികത്വമല്ല, കഥ പറയാനുദ്ദേശിക്കുന്ന ലോകത്തിന്റെ വ്യാഖ്യാനമാണ് പ്രധാനമെന്ന് ശ്യാം ബെനഗൽ അഭിമുഖങ്ങളിലൂടെ പറഞ്ഞു.. ആ സിനിമാ കാഴ്ച്ചയുടെ വ്യക്തത, ആ വാക്കുകളിലുണ്ട്.
Also Read; വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു
നസറുദ്ദീൻ ഷായും ശബാന ആസ്മിയും സ്മിത പാട്ടീലും കഥാപാത്രങ്ങളായി ശ്യാമിന്റെ ഫ്രെയിമുകളെ നിറച്ചു, അഭിനയ പൂർണത ആവോളം ലഭിച്ചു ബെനഗലിന് നല്ല അഭിനേതാക്കളിലൂടെ. ഈ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മനസ്സിൽ കണ്ട ലോകം അതേപടി സാക്ഷാത്കരിക്കപ്പെട്ടു.
സ്മിത പാട്ടീലിനെയും ശബാന ആസ്മിയേയും വിളക്കിയെടുത്ത സംവിധായകനെന്ന പേരും ബെനഗലിന് സ്വന്തം. 1977 ൽ ആദ്യ ദേശീയ പുരസ്കാരം സ്മിത പാട്ടീലിന് നേടിക്കൊടുത്ത ചിത്രം ഭൂമികയുടെ സംവിധായകന്റെ പേര് ശ്യാം ബെനഗലെന്നാണ്. നസറുദ്ദീൻ ഷായും അമോൽ പലേക്കറും അനന്ത് നാഗും അടക്കം ആ ചിത്രത്തെ പ്രകടനം കൊണ്ട് വ്യത്യസ്തമാക്കി. 1975 ൽ ശബാന ആസ്മിയുടെ ആദ്യം പുറത്തുവന്ന ചിത്രമായ അങ്കൂർ ശബാനയ്ക്കും ദേശീയ പുരസ്കാരം നേടിക്കൊടുത്തു. 79 ൽ എഴുത്തുകാരൻ റസ്കിൻ ബോണ്ടിന്റെ കഥയിൽ ജുനൂൻ എന്ന ചിത്രവും വന്നു.
ജാതി, ജമീന്ദാർ വ്യവസ്ഥ, കുടുംബത്തിനുള്ളിലെ അധികാരഘടന, ബന്ധ-അസംബന്ധങ്ങൾ ഇവയുടെ കഥാഖ്യാനങ്ങളാണ് ബെനഗൽ സിനിമകളുടെ ആകെത്തുക. ലോകം ആ സിനിമകളെ ആദരവോടെ കണ്ടു. കാൻ ചലച്ചിത്രമേളയിൽ ഗോൾഡൻ പാം പുരസ്കാരത്തിന് നോമിനേഷൻ ലഭിച്ച ചിത്രമാണ് നിശാന്ത്. ബെർലിൻ മേളയിൽ ഗോൾഡൻ ബെയർ പുരസ്കാരത്തിന് അങ്കൂറും നോമിനേറ്റ് ചെയ്യപ്പെട്ടു. 81 ൽ പുറത്തുവന്ന കലിയുഗിന് മോസ്കോ അന്താരാഷ്ട്ര മേളയിൽ ഗോൾഡൻ പ്രൈസ് ലഭിച്ചു.
ലോകം ബെനഗലിനെ ആദരിക്കാൻ മടികാണിച്ചില്ലെന്നതിന്റെ ചരിത്രസാക്ഷ്യമാണിത്. ആ സിനിമകൾ ഇനിയുമേറെക്കാലം ലോകത്തിന് മുന്നിൽ നിലനിൽക്കുമെന്നുറപ്പാണ്.