പുനർ പരീക്ഷയിലും തോൽക്കുന്ന വിദ്യാർഥികൾ 5, 8 ക്ലാസുകളിൽ ആ വർഷം വീണ്ടും പഠനം തുടരേണ്ടി വരും
സർക്കാർ സ്കൂളുകളിൽ വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്ത വിദ്യാർഥികൾക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന സമ്പ്രദായം ഒഴിവാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊതുവിദ്യാലയങ്ങളിലെ 5 മുതൽ 8 വരെ ക്ലാസുകളിലെ ഓൾ പാസ് സമ്പ്രദായമാണ് ഒഴിവാക്കുന്നത്. പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് അധിക പരിശീലനം നൽകുന്നതിനും ഫലം വന്ന് രണ്ട് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ എഴുതാനും അവസരം നൽകുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം, പുനഃപരീക്ഷയിലും പരാജയപ്പെട്ടാൽ ക്ലാസ് കയറ്റം അനുവദിക്കില്ല. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. 16 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനോടകം തന്നെ പരീക്ഷ നടത്തി തോൽപ്പിക്കൽ നടത്തിവരുന്നുണ്ട്. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ (ആർടിഇ) ഭേദഗതി വരുത്തിയാണ് ഈ രീതി നടപ്പാക്കി വരുന്നത്.
പുനർ പരീക്ഷയിലും തോൽക്കുന്ന വിദ്യാർഥികൾ 5, 8 ക്ലാസുകളിൽ ആ വർഷം വീണ്ടും പഠനം തുടരേണ്ടി വരും. ഈ കാലയളവിൽ അധ്യാപകർ ഈ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രത്യേക ഗൈഡൻസ് നൽകണം. അധ്യാപകർ കുട്ടികളുടെ പഠന കാലയളവിൽ വരുന്ന വലിയ ഇടവേളകൾക്ക് പിന്നിലെ കാരണം അന്വേഷിക്കുകയും വിലയിരുത്തകയും വേണമെന്നും നോട്ടിഫിക്കേഷനിൽ പറയുന്നു.