പുഷ്പയുടെ മൂന്നാം ഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആയിരിക്കും
അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ പുഷ്പ 1 & 2 ന്റെ സംഗീതം സംവിധാനം നിര്‍വ്വഹിച്ചത് ദേവി ശ്രീ പ്രസാദാണ്. പുഷ്പ 2ലെ ഡാന്‍സ് നമ്പറും മറ്റ് പാട്ടുകളും പ്രേക്ഷകരും സമൂഹമാധ്യമവും ഏറ്റെടുത്ത് കഴിഞ്ഞു. പുഷ്പ 2ന്റെ അവസാനത്തില്‍ ചിത്രത്തിന് മൂന്നാം ഭാഗവും ഒരുങ്ങുന്നുണ്ടെന്ന സൂചന നല്‍കിയിരുന്നു. അല്ലു അര്‍ജുന്‍-സുകുമാര്‍ ചിത്രമായ പുഷ്പ 3യില്‍ നിന്നും എന്ത് പ്രതീക്ഷിക്കാമെന്ന് സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പുഷ്പയുടെ മൂന്നാം ഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആയിരിക്കും. ചിത്രത്തിന്റെ മൂന്നാം ഭാഗം എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് ദേവി ശ്രീ പ്രസാദ് അഭിമുഖത്തില്‍ സംസാരിച്ചു.
'നമുക്ക് ഇപ്പോള്‍ പറയാന്‍ കഴിയുന്ന ഒരു കാര്യം പുഷ്പ 3 വിറപ്പിക്കും എന്നതാണ്. നിങ്ങള്‍ പുഷ്പ 1ലും 2ലും കേട്ടതായിരിക്കില്ല മൂന്നാം ഭാഗത്തില്‍ ഉണ്ടാവുക. സുകുമാര്‍ സര്‍ പുഷ്പ റൈസും റൂളും കൊണ്ട് ഈ ലോകം ഭരിക്കുകയാണ്. ഞങ്ങള്‍ മൂന്നാം ഭാഗത്തിന്റെ ജോലികള്‍ ആരംഭിച്ചിട്ടില്ല. പക്ഷെ സീക്വല്‍ പ്രേക്ഷകരിലേക്ക് എത്തിയ രീതിയില്‍ ഞാന്‍ പറയാം, നിങ്ങള്‍ ഇതുവരെ കണ്ടതില്‍ ഒരു പിടി മുകളിലായിരിക്കും പുഷ്പ 3', എന്നാണ് ദേവി ശ്രീ പ്രസാദ് പറഞ്ഞത്.
നെറ്റ്ഫ്‌ലിക്‌സിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. മൈത്രീ മൂവീസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജനുവരി 14ന് ചിത്രത്തിന്റെ എക്‌സ്റ്റെന്റഡ് വേര്‍ഷന്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു.
പുഷ്പ 2 റിലീസ് ദിവസത്തില്‍ തന്നെ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. റിലീസ് ദിവസം ആദ്യ ഷോ നടക്കവെ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യുകയും പിന്നീട് താരത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.