ലിംഗ സമത്വത്തെ ഊട്ടിയുറപ്പിക്കുക, നിലവിലെ സങ്കല്പ്പങ്ങൾക്കു പുതിയ മാനം നൽകുക തുടങ്ങിയ ആശയങ്ങളാണ് പരസ്യചിത്രത്തിനു പിന്നിൽ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്
ഒരു ജൂവലറിയുടെ പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആഭരണങ്ങളിലായാലും വസ്ത്രങ്ങളിലായാലും സ്ത്രീകൾക്ക് കിട്ടുന്ന അത്രയും ഓപ്ഷനുകൾ പുരുഷന്മാർക്ക് ലഭിക്കാറില്ല. പുരുഷന്മാർക്ക് ആഭരണം അണിയുന്നതിൽ സമൂഹം കല്പിച്ചിരിക്കുന്ന പരിമിതികൾ ഇപ്പോഴും നിലനിൽക്കുന്നു. അങ്ങനെയിരിക്കെയാണ് ഇത്തരത്തിലൊരു പരസ്യം സമൂഹ മാധ്യമങ്ങളിൽ കൈയടികൾ നേടുന്നത്.
ഒരു സ്വകാര്യ ജൂവലറിക്ക് വേണ്ടി ഫഹദ് ഫാസിൽ അഭിനയിച്ച ഈ പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ആണ്. ഫഹദ് ഫാസിലിന് പുറമെ കല്യാണി പണിക്കർ, ലക്ഷ്മി രാമകൃഷ്ണൻ എന്നിവരും പരസ്യചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
സ്വർണാഭരങ്ങളുടെ പരസ്യചിത്രങ്ങളിൽ സാധാരണ സ്ത്രീകളാണ് ആഭരങ്ങൾ അണിയുന്നത്. എന്നാൽ, ഇവിടെ ഫഹദാണ് മൂക്കുത്തി അണിഞ്ഞ് പ്രധാന കഥാപാത്രമായി എത്തുന്നത്. ലിംഗ സമത്വത്തെ ഊട്ടിയുറപ്പിക്കുക, നിലവിലെ സങ്കല്പങ്ങൾക്കു പുതിയ മാനം നൽകുക തുടങ്ങിയ ആശയങ്ങളാണ് പരസ്യചിത്രത്തിനു പിന്നിൽ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
Read More: 'ലാപത്താ ലേഡീസ്'; ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി
പുരുഷന്മാർ ഒന്നണിഞ്ഞ് ഒരുങ്ങി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെക്കുമ്പോൾ സൈബർ ബുള്ളിയിങ് ചെയ്ത് അവരെ മാനസികമായി തളർത്തി ആത്മഹത്യയുടെ വക്കിൽ കൊണ്ടെത്തിക്കുന്ന ഇന്നത്തെ കാലത്ത് ഇത്തരത്തിലൊരു പരസ്യചിത്രം സത്യത്തിൽ വിപ്ലവം തന്നെയാണ്.