ലണ്ടനിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഫോര്‍ ദി ക്രിയേറ്റിവ് ആര്‍ട്‌സ് ഫിലിം സ്‌കൂളില്‍ സൗണ്ട് ഡിസൈനിനെപ്പറ്റിയുള്ള ക്ലാസ്സില്‍ ഭ്രമയുഗത്തിലെ സീനിനെ ഉദാഹരണമാക്കി അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍. 2024 ഫെബ്രുവരി 15ന് തിയേറ്ററിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിലും വന്‍ വിജയമായിരുന്നു. ചിത്രം 85 കോടിക്കടുത്താണ് ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഭ്രമയുഗം.
ലണ്ടനിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഫോര്‍ ദി ക്രിയേറ്റിവ് ആര്‍ട്‌സ് ഫിലിം സ്‌കൂളില്‍ സൗണ്ട് ഡിസൈനിനെപ്പറ്റിയുള്ള ക്ലാസ്സില്‍ ഭ്രമയുഗത്തിലെ സീനിനെ ഉദാഹരണമാക്കി അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ക്ലാസ്സില്‍ പങ്കെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെക്കുകയായിരുന്നു. സംവിധായകന്‍ രാഹുല്‍ സദാശിവനും ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടിക്കൊപ്പം സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍ അമല്‍ഡ ലിസ്, മണികണ്ഠന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്‌റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ്. ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ടി ഡി രാമകൃഷ്ണനാണ്.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ഭൂതകാലവും ഹൊറര്‍ ജോണറില്‍ പെടുന്ന സിനിമയായിരുന്നെങ്കിലും ഭ്രമയുഗം അതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഇനി പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് രാഹുല്‍ സദാശിവന്‍ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നത്.