fbwpx
എല്ലാം ഓക്കെയല്ലേ അണ്ണാ? ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വിരാജ്
logo

ന്യൂസ് ഡെസ്ക്

Posted : 13 Feb, 2025 02:37 PM

ഒരു തരത്തിലും നിര്‍മാതാക്കള്‍ക്ക് സിനിമയെടുക്കാന്‍ സാധിക്കാത്ത തരത്തിലാണിപ്പോള്‍ മലയാള സിനിമയെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം പറയാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് ചോദിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍

MALAYALAM MOVIE


നിര്‍മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ച ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. മലയാള സിനിമയിലെ നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണെന്നും 100 കോടി രൂപ ഷെയര്‍ വന്ന ഒരു സിനിമ കാണിച്ചുതരുമോ എന്നും വാര്‍ത്താ സമ്മേളനത്തില്‍ ജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആന്റണിയുടെ വിമര്‍ശനം. ആ പോസ്റ്റ് പങ്കുവെച്ചുകൊണ്ട്, 'എല്ലാം ഓക്കെ അല്ലേ അണ്ണാ?' എന്ന് ചോദിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

ഒരു തരത്തിലും നിര്‍മാതാക്കള്‍ക്ക് സിനിമയെടുക്കാന്‍ സാധിക്കാത്ത തരത്തിലാണിപ്പോള്‍ മലയാള സിനിമയെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം പറയാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് ചോദിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. താരങ്ങള്‍ സിനിമ നിര്‍മിക്കുന്നതിനെയും ഒരു അഭിമുഖത്തില്‍ സുരേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ ബാലശമായി സുരേഷ് കുമാര്‍ പെരുമാറുന്നതെന്തിനാണെന്നും ആന്റണി പെരുമ്പാവൂര്‍ കുറിച്ചു.

'ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാല്‍ ആരാണ് പിന്തുണയ്ക്കെത്തുക അതൊന്നുമോര്‍ക്കാതെ അദ്ദേഹം ഇവ്വിധം ആരോപണങ്ങളുയര്‍ത്താന്‍ തയാറായതെന്തുകൊണ്ട് എന്നാണറിയാത്തത്. ഞാനൊക്കെ ഏറെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നിര്‍മ്മാതാവാണ് ശ്രീ സുരേഷ്‌കുമാര്‍. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരത്തില്‍ ബാലിശമായി പെരുമാറുമ്പോള്‍, അദ്ദേഹത്തിന് എന്തു പറ്റി എന്നാണ് മനസിലാക്കാനാവാത്തത്. ഭാവിയിലെങ്കിലും ഇത്തരം അനാവശ്യമായ ആരോപണങ്ങളുമായി മുന്നോട്ടുവരുമ്പോള്‍ അദ്ദേഹം ഒരുവട്ടം കൂടി ഒന്നാലോചിക്കണമെന്നു മാത്രമാണ് എനിക്കപേക്ഷിക്കാനുള്ളത്', എന്നാണ് ആന്റണി പറഞ്ഞത്.

എംപുരാന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാര്‍ സംസാരിച്ചതിനെയും ആന്റണി പോസ്റ്റിലൂടെ വിമര്‍ശനം അറിയിച്ചിട്ടുണ്ട്.'ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ് എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല', ആന്റണി പറഞ്ഞു.


'എംപുരാനെപ്പറ്റി പറയുകയാണെങ്കില്‍, വന്‍ മുടക്കുമതലില്‍ നിര്‍മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി അത്രമേല്‍ അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍. ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വന്‍ നിര്‍മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്നം മുന്നോട്ടു കൊണ്ടുപോകുന്നത്. പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് ആര്‍ട്ടിസ്റ്റുകളും സാങ്കേതികവിദഗ്ധരുമടക്കമുള്ള ഒരു വലിയസംഘം അതിനു പിന്നില്‍ അഹോരാത്രം പണിയെടുക്കുന്നത്. നമ്മുടെ ഭാഷയില്‍ നിന്ന് ബഹുഭാഷാ വിജയം കൈയാളുന്ന വന്‍ ക്യാന്‍വാസിലുളെളാരു ചിത്രമാക്കി ഇതിനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണിതെല്ലാം. അത്തരം ഒരു സംരംഭത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അകമഴിഞ്ഞു പിന്തുണയ്ക്കേണ്ടതിനു പകരം, അതിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ നിരാശയും സങ്കടവും നല്‍കുന്ന കാര്യമാണ്. അതിന്റെ ചെലവെത്രയെന്ന് അറിഞ്ഞൂകൂടാത്ത ശ്രീ സുരേഷ് കുമാര്‍ സാറിന് ഇത്ര ആധികാരികമായി അതേപ്പറ്റിയൊക്കെ എങ്ങനെ പറയാനായി എന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസിലാവുന്നില്ല. നിര്‍മ്മാണപൂര്‍വ പ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തിലുള്ള ഒരു സിനിമയാണതെന്നു കൂടി ഓര്‍ക്കണമെന്നും', ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.


KERALA
'അധാർമികതയുടെ ആൾക്കൂട്ടമായി മാറി'; കോട്ടയത്തെ റാഗിങ്ങിന് പിന്നില്‍ SFI പ്രവർത്തകരെന്ന് MSF സംസ്ഥാന പ്രസിഡന്‍റ്
Also Read
user
Share This

Popular

KERALA
NATIONAL
"നോട്ടം ശരിയല്ലെന്ന് പറഞ്ഞ് നിലത്തിട്ടുചവിട്ടി, കൈ തിരിച്ച് ഒടിച്ചു"; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് ക്രൂരമായി മർദിച്ചെന്ന് പരാതി