ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെ കഴിഞ്ഞ ദിവസമാണ് വാഴ സ്ട്രീമിങ് ആരംഭിച്ചത്.
തീയേറ്ററുകളിലെ മികച്ച വിജയത്തിന് ശേഷം ഒടിടിയിലെത്തിയ 'വാഴ'സിനിമയ്ക്ക് നേരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രം അവതരിപ്പിച്ച നടനും കണ്ടന്‍റ് ക്രിയേറ്ററുമായ അമിത് മോഹന് നേരെയും കടുത്ത വിമര്‍ശനങ്ങള്‍ ട്രോളുകളായി വന്നിരുന്നു. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെ കഴിഞ്ഞ ദിവസമാണ് വാഴ സ്ട്രീമിങ് ആരംഭിച്ചത്.തീയേറ്ററില്‍ കൈയ്യടി നേടിയ പല രംഗങ്ങള്‍ക്കും പിന്നാലെ ട്രോളുകള്‍ ഉയര്‍ന്നു.
'ആ സീന്‍ വര്‍ക്കായില്ല','ഓവര്‍ ആക്ടിങ് ആണ് ' എന്നിങ്ങനെയാണ് അമിത് മോഹനും കോട്ടയം നസീറും അഭിനയിച്ച രംഗത്തിന് ഉണ്ടായ കമന്‍റുകള്‍. ഇപ്പോഴിതാ ട്രോളുകള്‍ക്ക് മറുപടിയുമായി അമിത് മോഹന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. '91.9 ടൺ കണക്കിന് എയർ !, എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുന്നു' എന്നാണ് അമിത് മോഹന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്.
ALSO READ : പേടിയും ആകാംഷയും, ഒടുവിൽ മേക്കാത് കുത്തി നയൻതാര; വീഡിയോ വൈറൽ
സിനിമയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ്, നടൻ സിജു സണ്ണി ഉൾപ്പടെയുള്ളവർ അമിത്തിന്റെ പോസ്റ്റിന് താഴെ പ്രതികരിച്ചിട്ടുണ്ട്. 'ഉയരത്തിൽ പറക്കുക' എന്നാണ് വിപിൻ ദാസ് കുറിച്ചത്. 'സുഹൃത്തേ ഒടിടിയിൽ നന്നായി അഭിനയിക്കണ്ടേ' എന്നാണ് സിജു സണ്ണിയുടെ പ്രതികരണം.
'ആ അവസ്ഥയിൽ കൂടി പോയ ആരും ആ സീൻ ട്രോളില്ല ',' OTT വാഴകൾ പലതും പറയും അത് കാര്യം ആക്കണ്ട You Nailed it, the character' എന്നിങ്ങനെ അമിതിനെ പിന്തുണക്കാനും ആളുകളുണ്ട്.
വിപിന്‍ ദാസിന്‍റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ ആണ് 'വാഴ' സംവിധാനം ചെയ്തത്. മികച്ച വിജയം നേടിയതിന് പിന്നാലെ സിനിമയ്ക്ക് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടന്റ് ക്രിയേറ്റർമാരായ ഹാഷിർ, അർജുൻ, വിനായകന്, അലൻ എന്നിവരാകും വാഴ 2വിലെ പ്രധാന വേഷങ്ങളിലെത്തുക.