മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐഎഫ്എഫ്കെ പിന്തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കുള്ള ഡെലിഗേറ്റ് പാസുകളുടെ വിതരണം തുടങ്ങി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും, മഹിമാ നമ്പ്യാർക്കും പാസ് നൽകി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിസംബർ 13നാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തലസ്ഥാനത്ത് തിരി തെളിയുക.
ഡിസംബർ പതിമൂന്ന് മുതൽ ലോകസിനിമ തലസ്ഥാന നഗരിയിലേക്ക് എത്തും. ഒപ്പം, സിനിമ ആസ്വദിക്കാനും പഠിക്കാനും പതിമൂവായിരത്തോളം ഡെലിഗേറ്റുകളും. ഡെലിഗേറ്റുകൾക്കായുള്ള പാസുകളുടെ വിതരണം കൂടി തുടങ്ങിയതോടെ നഗരമാകെ മേളയുടെ ലഹരിയിലേക്ക് അടുത്തു.
Also Read; ചരിത്രം! ഗോൾഡൻ ഗ്ലോബിൽ രണ്ട് നോമിനേഷൻ നേടി പായൽ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'
ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്ന് പാസ് വിതരണം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഒരുമയുടെ മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐഎഫ്എഫ്കെ പിന്തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഓരോ വർഷവും കൊണ്ടുവരുന്ന പുതുണ ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും. മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെയാണ് ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുന്നത്.