വീടിനടുത്തുള്ള ഒഴിഞ്ഞ വീടിന് സമീപത്ത് വച്ചാണ് കാറിൽ എത്തിയ നാലംഗ സംഘം ആക്രമിച്ചത്
കോട്ടയം മൂന്നിലവിൽ പ്ലസ് ടു വിദ്യാർഥിക്ക് ക്രൂരമർദനം. ഇൻസ്റ്റാഗ്രാം പോസ്റ്റിലെ അക്ഷരത്തെറ്റ് ചുണ്ടിക്കാണിച്ചത് കൊണ്ടാണ് മർദിച്ചെതെന്നാണ് പരാതി. മൂന്നിലവ് സ്വകാര്യ സ്കൂൾ വിദ്യാർഥിയ്ക്കാണ് മർദനമേറ്റത്. ഇതേ സ്കൂളിലെ രണ്ടു വിദ്യാർഥികളും മറ്റൊരു സ്കൂളിലെ രണ്ടുപേരും ചേർന്നാണ് തന്നെ മർദിച്ചതെന്നാണ് വിദ്യാർഥിയുടെ പരാതി.
ശനിയാഴ്ചയായിരുന്നു സംഭവമുണ്ടായത്. ഇൻസ്റ്റഗ്രാമിൽ വന്ന ഒരു പോസ്റ്റിനടിയിൽ ഒരു വിദ്യാർഥിയിട്ട അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇത് ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും സംസാരിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയുമായിരുന്നു.
വീടിനടുത്തുള്ള ഒഴിഞ്ഞ വീടിന് സമീപത്ത് വച്ചാണ് കാറിൽ എത്തിയ നാലംഗ സംഘം ആക്രമിച്ചത്. സമീപവാസികൾ വരുന്നത് കണ്ടതോടെ അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ദേഹമാസകലം പരിക്കേറ്റ കുട്ടി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
അക്രമി സംഘത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികളിൽ ചിലർ ലഹരിക്ക് അടിമകളാണെന്നും വിദ്യാർഥി പറയുന്നു. സംഭവത്തിൽ പരാതി നൽകുമെന്നും കേസുമായി മുന്നോട്ടുപോകുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.