വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
വി.കെ. സക്സേന
ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലുള്ള പോരിനിടെ ഡല്‍ഹി സിവില്‍ ബോഡി പാനല്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പൗരസമിതിയിലെ ഏക സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്തെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ നടത്തണമെന്നാണ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേന നിര്‍ദേശം നല്‍കിയത്. അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എഎപി നേതാവ് മനീഷ് സിസോദിയ ഗവര്‍ണര്‍ക്കെതിരെ പത്രസമ്മേളനം നടത്തിയതോടെ വൈകിയ വേളയില്‍ ഇലക്ഷന്‍ നടത്താനുള്ള നീക്കത്തില്‍ നിന്ന് രാജ്ഭവന്‍ പിന്മാറുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ ഏഴാമത്തെ അംഗത്തെ കണ്ടെത്താന്‍ ഇന്ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മേയര്‍ ഷെല്ലി ഒബ്റോയ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. കൗണ്‍സലര്‍മാരുടെ സുരക്ഷ പരിശോധനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തീരുമാനം. അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ അകത്തേക്ക് കൊണ്ടുപോകുന്നത് വിലക്കിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മേയർ വിശേഷിപ്പിച്ചിരുന്നു.
ALSO READ : ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്; എബിവിപിക്കെതിരെ എസ്എഫ്ഐ-ഐസ സഖ്യം
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ മിക്ക സാമ്പത്തിക തീരുമാനങ്ങളും എടുക്കാനുള്ള ഉത്തരവാദിത്തം സ്റ്റാന്‍ഡിങ് കമ്മിറ്റിക്കാണ്. നിലവില്‍ മൂന്ന് എഎപി അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങളുമാണ് കമ്മിറ്റിയില്‍ ഉള്ളത്. ആറാമത്തെ അംഗത്തെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നത് ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
സുപ്രീം കോടതിയുടെ നിയമവും നിർദ്ദേശങ്ങളും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ എംസിഡി കമ്മീഷണറോട് ആവശ്യപ്പെട്ടതായി ബിജെപി പ്രസ്താവനയിൽ പറഞ്ഞു. മേയർക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ നാളെ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് പാർട്ടി അറിയിച്ചു.
ഈ വർഷം ആദ്യം വെസ്റ്റ് ഡൽഹി പാർലമെൻ്റ് സീറ്റിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ബിജെപി കൗൺസിലർ കമൽജീത് സെഹ്‌രാവത് രാജിവച്ചതിനെ തുടർന്നാണ് കമ്മിറ്റിയില്‍ ഒഴിവ് വന്നത്.