തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും കലാപ വിരുദ്ധ പ്രവർത്തനങ്ങളിലും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി കേന്ദ്ര - സംസ്ഥാന ഏജൻസികൾ. വർധിച്ച് വരുന്ന ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാനും ക്രമസമാധാനപരമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനും വേണ്ടിയാണ് നടപടികൾ. അടുത്ത മാസം ഒന്നിനാണ് ജമ്മുവിൽ നിയമസഭ തെരഞ്ഞെടുപ്പ് ആരംഭിക്കുക.
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണങ്ങളിൽ ആശങ്കയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ സാധിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇതിനായി ജമ്മുവിൽ പ്രത്യേക സേനയെ അടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും കലാപ വിരുദ്ധ പ്രവർത്തനങ്ങളിലും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.
സുരക്ഷ കൂടുതൽ ശക്തമാക്കാൻ അസം റൈഫിൾസിൻ്റെ രണ്ട് ബറ്റാലിയനുകളും ജമ്മുവിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജമ്മുവിൽ നടന്ന നുഴഞ്ഞു കയറ്റ ശ്രമങ്ങൾ കൂടി കണക്കിലെടുത്ത് പിർ പാഞ്ചൽ മേഖലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. 2021 മുതൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 52 സുരക്ഷ ഉദ്യോഗസ്ഥർ മരിച്ചതായാണ് കണക്ക്. സൈന്യത്തിൻ്റെ വാഹനവ്യൂഹങ്ങൾക്ക് നേരെയാണ് ഭീകരരുടെ ആക്രമണം കൂടുതലും.
ALSO READ: "രാഷ്ട്രീയ ബോധമില്ലാത്ത വംശീയവാദികൾ,"; തേജസ്വി യാദവിൻ്റെ ചൈനീസ് പരാമർശത്തിന് തിരിച്ചടിച്ച് മണിപ്പൂർ മുഖ്യമന്ത്രി
ഭീകരരുടെ കൈവശം M4 റൈഫിളുകൾ, നൈറ്റ് വിഷൻ ടെലിസ്കോപ് ലെൻസുകൾ, എൻക്രിപ്റ്റഡ് റേഡിയോ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെ കാലങ്ങളായി പാകിസ്താൻ അതിർത്തി കടന്ന് മയക്കുമരുന്നു ആയുധങ്ങളും ഇന്ത്യയിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവ രാജ്യത്തെത്തുന്നത്. അടുത്ത മാസം ഒന്ന് മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.